Asianet News MalayalamAsianet News Malayalam

ട്രിയോ സോര്‍ ഇലക്ട്രിക് ത്രീ-വീലര്‍ കാര്‍ഗോയുമായി മഹീന്ദ്ര

കിലോമീറ്ററിന് കേവലം 40 പൈസ മാത്രമാണ് ചെലവെന്നതിനാല്‍ നിലവിലുള്ള ഡീസല്‍ കാര്‍ഗോ ത്രീ-വീലറുകളെ അപേക്ഷിച്ച് പ്രതിവര്‍ഷം അറുപതിനായിരത്തിലേറെ രൂപയുടെ ലാഭം ട്രിയോ സോറിലൂടെ ഉടമകള്‍ക്ക് ലഭിക്കും.
 

All-electric Mahindra Treo Zor cargo three-wheeler launched
Author
Mumbai, First Published Oct 30, 2020, 8:52 PM IST

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ പുതിയ ഇലക്ട്രിക് ത്രീ-വീലര്‍ കാര്‍ഗോ മോഡലായ ട്രിയോ സോര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എഫ്എഎംഇ-2, സംസ്ഥാന സബ്സിഡികള്‍ ഉള്‍പ്പെടെ 2.73 ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലി എക്സ്ഷോറൂം വില എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിക്കപ്പ്, ഡെലിവറി വാന്‍, ഫ്ളാറ്റ് ബെഡ് എന്നീ മൂന്ന് വേരിയന്റുകളിലാണ്  ട്രിയോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ട്രിയോ സോര്‍ എത്തുന്നത്. 2020 ഡിസംബര്‍ മുതല്‍ രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിലെ മഹീന്ദ്ര ചെറുകിട വാണിജ്യ വാഹന ഡീലര്‍ഷിപ്പുകളില്‍ വാഹനങ്ങള്‍ ലഭ്യമാകും.

കിലോമീറ്ററിന് കേവലം 40 പൈസ മാത്രമാണ് ചെലവെന്നതിനാല്‍ നിലവിലുള്ള ഡീസല്‍ കാര്‍ഗോ ത്രീ-വീലറുകളെ അപേക്ഷിച്ച് പ്രതിവര്‍ഷം അറുപതിനായിരത്തിലേറെ രൂപയുടെ ലാഭം ട്രിയോ സോറിലൂടെ ഉടമകള്‍ക്ക് ലഭിക്കും. ഇന്‍ഡസ്ട്രിയില മികച്ച എട്ട് കിലോവാട്ട് പവര്‍, ഈ രംഗത്തെ മികച്ച  42 എന്‍എം ടോര്‍ക്ക്, 550 കി.ഗ്രാം ഭാരശേഷി എന്നിവയിലൂടെ മികച്ച പ്രകടനവും ട്രിയോ സോര്‍ വാഗ്ദാനം ചെയ്യുന്നു.

ഡീസല്‍ കാര്‍ഗോയമായി താരതമ്യം ചെയ്യുമ്പോള്‍ കിലോമീറ്ററിന് 2.10 രൂപയുടെ ഇന്ധന ലാഭം, പൊടി, വെള്ളം എന്നിവയുടെ പ്രവേശനം തടയുന്ന അഡ്വാന്‍സ്ഡ് ഐപി67 മോട്ടോര്‍, സുരക്ഷിത യാത്രക്കായി ഈ രംഗത്തെ ഏറ്റവും മികച്ച 2216 മി.മീ വീല്‍ബേസ്, 30.48 സെ.മീറ്ററില്‍ ഏറ്റവും വലിയ ടയറുകള്‍, അഡ്വാന്‍സ്ഡ് ലിത്വിയം അയേണ്‍ ബാറ്ററി,  അനായാസ ചാര്‍ജ്ജിങ്, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് മികച്ച ഡ്രൈവിങ് അനുഭവം, 675 മി.മീറ്റര്‍ മികച്ച ട്രേ ലോഡിങ് ഓപ്ഷന്‍, നെമോ മൊബിലിറ്റി പ്ലാറ്റ്‌ഫോമുമായി കണക്റ്റുചെയ്ത കാര്യക്ഷമവുമായ ഫ്ളീറ്റ് മാനേജ്മെന്റ്, ആധുനിക രൂപകല്‍പ്പന എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍.

ടെലിമാറ്റിക്സ് യൂണിറ്റ്, ജിപിഎസ്, വിന്‍ഡ്‌സ്‌ക്രീന്‍, വൈപ്പിങ് സിസ്റ്റം, സ്പെയര്‍ വീല്‍ പ്രൊവിഷന്‍, ഡ്രൈവിങ് മോഡുകള്‍, എക്കണോമി ആന്‍ഡ് ബൂസ്റ്റ് മോഡ്, ലോക്കബ്ള്‍ ഗ്ലൗബോക്സ്, 15 ആപിയര്‍ ഓഫ് ബോര്‍ഡ് ചാര്‍ജര്‍, ഹസാര്‍ഡ് ഇന്‍ഡിക്കേറ്റര്‍, റിവേഴ്സ് ബസര്‍ എന്നിങ്ങനെയാണ് മറ്റു സവിശേഷതകള്‍. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി ഓപ്ഷനോടെയാണ് ട്രിയോ സോര്‍ എത്തുന്നത്.  ഇന്ത്യയിലുടനീളമുള്ള 140ലധികം ഡീലര്‍ഷിപ്പുകള്‍ വാഹനത്തിന്റ വില്‍പ്പനാനന്തര സേവനവും സമയബന്ധിതമായി ഉറപ്പാക്കും.

മഹീന്ദ്രയുടെ 75-ാം വാര്‍ഷികത്തില്‍, ശുചിത്വവും ഹരിതാഭയും സാങ്കേതികവിദ്യയും കോര്‍ത്തിണങ്ങിയ ഒരു നാളെ എന്ന ഉദ്ദേശമാണ് തങ്ങളെ നയിക്കുന്നതെന്നും ഏറ്റവും പുതിയ സാങ്കേതികവിദ്യയിലൂടെയും ഇന്ത്യയില്‍ നിര്‍മിക്കുന്നതിലൂടെയും ആത്മനിര്‍ഭര്‍ ഭാരതിനോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ട്രിയോ പ്ലാറ്റ്ഫോമിലൂടെ പ്രകടമാവുന്നതെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഡോ. പവന്‍ ഗോയങ്ക പറഞ്ഞു.

ഇന്ത്യന്‍ നിരത്തുകളില്‍ 35 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച അയ്യായിരത്തിലേറെ സംതൃപ്തരായ ഉപഭോക്താക്കളുമായി ട്രിയോ ഇലക്ട്രിക് ത്രീ-വീലര്‍ പ്ലാറ്റ്ഫേ മൊബിലിറ്റിയെ പുനര്‍നിര്‍വചിച്ചുവെന്ന് മഹീന്ദ്ര ഇലക്ട്രിക് എംഡിയും സിഇഒയുമായ മഹേഷ് ബാബു പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നതിനായി  നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രിയോ സോര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, മാത്രമല്ല ഓരോ ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നതിനായി മൂന്നു വകഭേദങ്ങളില്‍ വാഹനം ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios