വമ്പന്‍ അപകടങ്ങളിലും യാത്രികര്‍ സുരക്ഷിതമായ സംഭവങ്ങള്‍ നിരവധിയുണ്ട്. ചില വാഹനങ്ങള്‍ നിരവധി തവണ കരണം മറിഞ്ഞിട്ടും വാഹനത്തിന്‍റെ ഗുണം കൊണ്ട് യാത്രികര്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാത്ത സംഭവങ്ങളുമുണ്ട്. അടുത്തകാലത്ത് ഏഴുതവണ കരണം മറിഞ്ഞ ടാറ്റ ടിയാഗോയിലെ യാത്രികര്‍ രക്ഷപ്പെട്ടത് ഇതിനൊരു ഉദാഹരണമാണ്. ഇപ്പോഴിതാ അത്തരമൊരു അപകടത്തിന്‍റെയും രക്ഷപ്പെടലിന്‍റെയും കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഹാച്ച് ബാക്ക് ഫിഗോയാണ് ഈ സംഭവത്തിലെ നായകന്‍.

നിയന്ത്രണം നഷ്‍ടപ്പെട്ട ഫോര്‍ഡ് ഫിഗോ കാര്‍ കരണം മറിഞ്ഞത് അഞ്ച് തവണയാണ്. എന്നിട്ടും കാറിനകത്തെ യാത്രികരെല്ലാം സുരക്ഷിതരായിരുന്നു. സഹ്യാദ്രി പർവതനിരകളിലൂടെ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട ഈ ഫോര്‍ഡ് ഫിഗോയുടെ വാര്‍ത്തയും ചിത്രങ്ങളും ഓട്ടോ ബ്ലോഗ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്‍തത്. എന്നാല്‍ ഈ അപകടം നടന്ന സ്ഥലവും സമയവും വ്യക്തമല്ല. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു വാഹന ഉടമ.  അപകടം സമയത്ത്  60-70 കിലോമീറ്ററിന് മുകളിലായിരുന്നു കാറിന്‍റെ വേഗം. ഈ അപകടം നടന്ന പ്രത്യേക റോഡില്‍ വലിയ വളവുകളും ഉണ്ട്. ഓട്ടത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അഞ്ച് തവണയോളം വാഹനം കരണംമറിയുകയും ചെയ്‍തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

അപകടത്തില്‍ കാര്‍ പൂർണ്ണമായും തകര്‍ന്നു. അലോയികൾ ഉള്‍പ്പടെ വളച്ചൊടിക്കുകയും ടയറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ബമ്പറുകളും ബോണറ്റും സഹിതം പില്ലറുകളും  മേൽക്കൂരയുമേല്ലാം തകർന്നനിലയിലാണ്. എന്നിട്ടും വാഹനത്തിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരായിരുന്നു. രണ്ടുപേർക്ക് മാത്രം നിസാര പരിക്കുകളുണ്ടെന്നും ഓട്ടോ ബ്ലോഗ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  മാത്രമല്ല വാഹനത്തിന്‍റെ എഞ്ചിന്‍ ബേയിലും കാര്യമായ നാശമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  പഴയ തലമുറ ഫിഗോയാണ് അപകടത്തില്‍പ്പെട്ടത്. 

പുതിയ ഫിഗോയുടെ ബിഎസ്6 പതിപ്പിനെ കമ്പനി അടുത്തകാലത്താണ് വിപണിയില്‍ എത്തിച്ചത്. 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനുമാണ് വാഹനത്തിന്‍റെ ഹൃദയങ്ങള്‍. പെട്രോൾ എഞ്ചിൻ 96 എച്ച് പി കരുത്തും 119 എൻഎം പീക്ക് ടോർക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഡീസൽ എഞ്ചിൻ 100 പിഎസിനും 220 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കും. 5.15 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 

ആറ് എയർബാഗുകൾ, ABS+EBD, ഹിൽ ലോഞ്ച് അസിസ്റ്റ് (HLA), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഇലക്ട്രിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ് (EPAS), റിയർ വ്യൂ ക്യാമറ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, പെരിമീറ്റർ അലാറം, എഞ്ചിൻ ഇമോബിലൈസർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. പഴയ തലമുറയിലെ പോലെ ഏറ്റവും പുതിയ ഫിഗോയ്ക്കും കൂടുതൽ സുരക്ഷാ സവിശേഷതകളും അതിലും ശക്തമായ ബോഡിയും ഉറപ്പാക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. ടോപ്പ് എൻഡ് വേരിയന്റുകളിൽ ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാവുന്നതും ഒരേയൊരു വിഭാഗവുമാണ് ഫോര്‍ഡ് ഫിഗോ.

ഫോര്‍ഡിന്‍റെ ഇന്ത്യയിലെ ജനപ്രിയ ഹാച്ച് ബാക്കുകളിലൊന്നാണ് ഫിഗോ. കരുത്തുകൊണ്ടും നിര്‍മ്മാണത്തികവുകൊണ്ടും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ഈ വാഹനം പുറത്തിറങ്ങിയ കാലം മുതല്‍ സുരക്ഷാമികവിലും മുന്നിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോ മിന്നുന്നപ്രകടനം കാഴ്‍ചവച്ചിരുന്നു. ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയ്ക്കുമില്ലെന്ന് തെളിയിച്ചത്. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്.  നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്.  ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തിയിരുന്നു.