ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ പതിപ്പ് അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍ എന്നാണ് റിപ്പോര്‍ട്ട്. പുതിയ ഐ20യുടെ ബുക്കിംഗ് തുടങ്ങി വെറും 20 ദിവസത്തിൽ 20000 ബുക്കിങ്ങുകൾ ലഭിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇതില്‍ 4000 എണ്ണം ഉപഭോക്താക്കള്‍ക്ക് ദീപവലി സീസണിൽ ഡെലിവറി ചെയ്തു കഴിഞ്ഞു. ബുക്ക് ചെയ്തതിൽ 85 ശതമാനവും സ്പോർട്സ് മുതൽ മുകളിലോട്ടുള്ള ഉയർന്ന വഭദേങ്ങളാണെന്ന് ഹ്യുണ്ടായി അറിയിച്ചു. പുതിയ ഐ20 യുടെ വില ഈ മാസം 6 നായിരുന്നു ഹ്യുണ്ടായി പ്രഖ്യാപിച്ചത്. 6.79 ലക്ഷം മുതൽ 11.17 ലക്ഷം രൂപ വരെയാണ് പുതിയ ഐ20യുടെ വില. 

ഈ ഐ 20 സെൻസ്യുയസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിൽ ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യ ഹാച്ച്ബാക്കാണ്. ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇസഡ് രൂപത്തിൽ ഇൻസേർട്ടുകളുള്ള എൽഇഡി ടെയിൽ ലാംപുകൾ, ഡയമണ്ട് പാറ്റേൺ മെഷ് ഡിസൈനുള്ള ഹെക്സഗണൽ ഗ്രിൽ, മസ്കുലർ ബോഡി ലൈനുകൾ, മനോഹരമായ ഡേടൈം റണ്ണിങ് ലാംപുകൾ എന്നിവ പുതിയ ഐ20യിൽ ഒരുങ്ങുന്നു. സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. 1.2 ലീറ്റർ പെട്രോൾ, 1 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ പെട്രോൾ എന്നീ എൻജിനുകളാണ് പുതിയ ഐ20യിൽ.

പെട്രോൾ, ഡീസൽ എൻജിനുകളിൽ മാനുവൽ, ഐവിടി, ഡിസിടി, ഐഎംടി ഗിയർബോക്സുകളിൽ വാഹനം എത്തുന്നു. സെഗ്മെന്റിൽ ആദ്യമായി ഐഎംടി(ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ)യും പുതിയ ഐ20യിലൂടെ എത്തുന്നു. മാഗ്ന, സ്പോർട്സ്, ആസ്ത, ആസ്ത ഓപ്ഷൻ എന്നീ വകഭേദങ്ങളിലായി മൂന്നു എൻജിൻ ഓപ്ഷനോടു കൂടിയാണ് പുതിയ ഐ20 വിപണിയിലെത്തിയത്. 

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൽട്രോസ്, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് തുടങ്ങിയവരാണ് പുതിയ ഐ20യുടെ എതിരാളികള്‍.