കാര്‍ണിവലിനു പിന്നാലെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോർസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 2022 പകുതിയോടെ വാഹനം വിപണിയില്‍ എത്തുമെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കിയ സെൽറ്റോസ് എസ്‌യുവിയുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമായി തയ്യാറാക്കുന്ന പുത്തൻ എംപിവി ആണ് ഇത്.

പുത്തൻ കിയ എംപിവിയുടെ നീളം അഞ്ച് മീറ്ററിന് താഴെയായിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിൽ 7 പേർക്ക് സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. പുത്തൻ മോഡലിനെ ജൂണിൽ അന്താരാഷ്ട്ര വിപണിയിലെത്തിയ നാലാം തലമുറ കാർണിവൽ എംപിവിയിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

പുത്തൻ എംപിവിയ്ക്ക് സെൽറ്റോസ് അടക്കമുള്ള കിയയുടെ ആഗോള വിപണിയിലെ എസ്‌യുവികളോട് ചേർന്ന് നിൽക്കും വിധം കൂടുതൽ ഷാർപ് ആയ ബോഡി പാനലുകളും കിയയുടെ മുഖമുദ്രയായ 'ടൈഗർ നോസ്' ഗ്രിൽ എന്നിവ ചേർന്ന ഡിസൈൻ ആയിരിക്കും നൽകുക. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, റിയർ വ്യൂ ക്യാമറ, അലോയ് വീലുകൾ, ഡിആർഎൽ, പുഷ് ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, പവർ വിൻഡോകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നി ഫീച്ചറുകൾ ലഭിക്കുന്നു.

ഏകദേശം 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാവും കിയ എംപിവിയുടെ വില. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, കണക്റ്റഡ് കാർ ടെക്, സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകൾ ഉയർന്ന മോഡലുകളിൽ ലഭിച്ചേക്കും. പുത്തൻ കിയ എംപിവി 1.5 ലിറ്റർ ഡീസൽ എൻജിനിലും 1.5 ലിറ്റർ പെട്രോൾ എൻജിനിലും എത്തും. മഹീന്ദ്രയുടെ മാറാസോ ആയിരിക്കും പുത്തൻ കിയ എംപിവിയുടെ എതിരാളി.