സ്റ്റാർട്ട്-അപ്പ് കമ്പനിയായ ആൽഫവെക്‌ടർ പുതിയ മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ ഇന്ത്യയിൽ പുറത്തിറക്കി. ഇലക്‌ട്രിക് സൈക്കിളിന് 30,000 രൂപയാണ് വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇ-സൈക്കിളിൽ പെഡൽ അസിസ്റ്റ്, ത്രോട്ടിൽ, ക്രൂയിസ്, പെഡൽ എന്നീ നാല് റൈഡ് മോഡുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷക്കായി മെറാക്കിക്ക് ഓട്ടോമാറ്റിക് ബ്രേക്ക് കട്ട് ഓഫ് ഇ-ബ്രേക്കുകൾ ഘടിപ്പിച്ചിട്ടുണ്ട്. മോഷണം തടയുന്നതിന് കീ-ലോക്ക് സ്വിച്ചും ഇ-സൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

6.36AH ഉള്ള ലിഥിയം അയൺ ബാറ്ററി 750 സൈക്കിളിൽ നൽകിയിരിക്കുന്നത്. 2.5 മണിക്കൂറിനുള്ളിൽ മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. ഇത് 35 കിലോമീറ്റർ വരെ പൂർണ ചാർജിൽ സഞ്ചരിക്കാൻ സഹായിക്കും. 250 വാട്ട്, IP 65 (വാട്ടർപ്രൂഫ്) BLDC മോട്ടോർ ഉൾക്കൊള്ളുന്ന മെറാക്കിയിൽ പരമാവധി 25 കിലോമീറ്റർ വേഗത കൈവരിക്കാം. ഒരു വർഷത്തെ വാറന്‍റിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍. 

700 റീട്ടെയിൽ സ്റ്റോറുകൾ വഴി രാജ്യത്തെ 350 നഗരങ്ങളിലായി ഇ-സൈക്കിൾ വിൽപ്പനയ്‌ക്ക് എത്തിയേക്കും. കൂടാതെ വെബ്‌സൈറ്റ് വഴി ഓർഡറുകൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുണ്ട്.