കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ ഗാരേജിലെ വാഹനങ്ങള്‍ വാഹനപ്രേമികള്‍ക്കിടയില്‍ പതിവു ചര്‍ച്ചയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താരമായിരിക്കുകയാണ് അതിലൊന്ന്. മുംബൈ നഗരത്തിലെത്തിയ അംബാനിയുടെ റോള്‍സ് റോയിസ് കാറിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

2019ല്‍ മകന്‍ ആകാശിന്‍റെ വിവാഹത്തിന്‍റെ ഭാഗമായി അംബാനി ഗാരേജിലെത്തിച്ച റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ എട്ടാം തലമുറയായ ഫാന്റം എയ്റ്റ് ആണിത്. ഈ കാറിന്‍റെ വിലയാണ് ആരെയും ഞെട്ടിക്കുക. 13.5 കോടി രൂപ. അതായത് അംബാനിയുടെ ഗാരേജിലെ ഏറ്റവും വില പിടിപ്പുള്ളവന്‍ എന്ന് ചുരുക്കം. 

റോള്‍സ് റോയ്‌സിന്റെ അത്യാംഡബര വാഹനം ഫാന്റത്തിന്റെ എട്ടാം തലമുറയുടെ വീല്‍ബെയ്‌സ് കൂടിയ വകഭേദമായ ഇഡബ്ല്യുബിയാണിത്. മുകേഷ് അംബാനി ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഉള്‍പ്പെടെയുള്ള അതിസുരക്ഷ വാഹനങ്ങള്‍ കഴിഞ്ഞാല്‍ ഗാരേജിലെ ഏറ്റവും വിലയുള്ള വാഹനമാണ് ഈ ഫാന്റം. 

റോള്‍സ് റോയ്‌സ് ശ്രേണിയിലെ ഏറ്റവും ശബ്ദശല്യം കുറഞ്ഞ കാറെന്ന വിശേഷണവും ഈ വാഹനത്തിനുണ്ട്. ഫാന്റം എയ്റ്റിനു കരുത്തേകുക 6.75 ലീറ്റര്‍, വി 12, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ്. 563 ബി എച്ച് പി വരെയാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി കരുത്ത്. മണിക്കൂറില്‍ 250 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം.

ഈ വാഹനം കൂടാതെ അംബാനിയുടെ ഗ്യാരേജില്‍ റോള്‍സ് റോയ്‌സ് കള്ളിനന്‍, ടെസ്ല മോഡല്‍ എസ്, ലംബോര്‍ഗിനി ഉറൂസ് തുടങ്ങി കോടികള്‍ വിലവരുന്ന നിരവധി ആഡംബര കാറുകളും ഉണ്ട്.