റണ്‍വേയിലൂടെ തെന്നിനീങ്ങുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കനത്ത മഞ്ഞുവീഴ്‍ചയെ തുടര്‍ന്ന് അമേരിക്കൻ എയർലൈൻസിന്‍റെ ചെറു വിമാനം  അപകടത്തിൽപ്പെട്ടതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

ചിക്കാഗോയിലാണ് സംഭവം. ലാൻഡ് ചെയ്‍ത ശേഷം റൺവേയിലൂടെ ഓടുന്നതിനിടെയാണ് അപകടം. കനത്ത മഞ്ഞിൽ വിമാനം  നിയന്ത്രണം വിട്ട് തെന്നിനീങ്ങുന്നതും യാത്രികര്‍ നിലവിളിക്കുന്നതും  വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ ചിറക് നിലത്തിടിച്ചാണ് വിമാനം നിന്നത്. വിമാനത്തിൽ 38 യാത്രക്കാരും മൂന്നു ജീവനക്കാരുമുണ്ടായിരുന്നു.

തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന് കാര്യമായ കേടുപാടുകളുണ്ടെന്നും എന്നാല്‍ യാത്രികരെല്ലാം സുരക്ഷിതരാണെന്നും കൂടുതൽ അപകടങ്ങളുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണെന്നും എയർപോർട്ട് അധികൃതർ പറയുന്നു.  കനത്ത മഞ്ഞുവീഴ്‍ചയെ തുടര്‍ന്ന് അമേരിക്കയിൽ 400ൽ അധികം വിമാനങ്ങളാണ് അടുത്തിടെ റദ്ദാക്കിയത്.