ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വില്‍പ്പന നടത്തുന്നതിന് പുതിയ പദ്ധതി ആരംഭിച്ച് ഗ്രീവ്സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ്. ബുക്ക് ഓണ്‍ലൈന്‍ നൗ പേ ലേറ്റര്‍ എന്ന പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി വാഹനം വാങ്ങുന്നതിനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്.

രാജ്യത്ത് അതിവേഗം വളരുന്ന ഇ-സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലൊന്നാണ് ആംപിയര്‍ ഇലക്ട്രിക്ക്. ഓണ്‍ലൈന്‍ വഴി ഉപഭോക്താവിന് അവര്‍ ആഗ്രഹിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. ലോക്ക്ഡൗണിന് ശേഷം ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് വാഹനം കൈമാറി കഴിയുമ്പോള്‍ പണം അടയ്ക്കാമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ദില്ലി, പൂനെ എന്നിവിടങ്ങളിലാണ് കമ്പനി നിലവില്‍ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഉടനീളമുള്ള മറ്റ് നഗരങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലൊന്നാണ് ആംപിയര്‍ സീല്‍. 1200 വാട്ട്‌സ് ബിഎല്‍ഡിസി ഹബ് മോട്ടോറാണ് വാഹനത്തിലുള്ളത്. 60V/30Ah ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 55 കിലോമീറ്ററാണ് സീലിന്റെ പരമാവധി വേഗത. ഒറ്റചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

റിയോ എലൈറ്റ് എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. 45,000 രൂപയാണ് വാഹനത്തിന്‍റെ ബെംഗളൂരു എക്‌സ് ഷോറൂം വില. റിയോ, മാഗ്നസ് സ്‌കൂട്ടറുകള്‍ക്കിടയിലാണ് റിയോ എലൈറ്റിന് സ്ഥാനം. ട്രെന്‍ഡി ലുക്കിംഗ് സ്‌കൂട്ടറാണ് ആംപിയര്‍ റിയോ എലൈറ്റ്. സ്‍കൂട്ടറിന്‍റെ ഡിസൈനിംഗില്‍ സമകാലീന യൂറോപ്യന്‍ ശൈലി സ്വീകരിച്ചതായി കമ്പനി പറയുന്നു. ന്യൂ ജനറേഷൻ ഉപഭോക്താക്കൾക്ക് ഇഷ്ടം തോന്നും വിധം എൽഇഡി ഡിജിറ്റൽ ഡിസ്പ്ലേയാണ് റിയോ എലൈറ്റിന്റെ ഒരു പ്രത്യേകത. കൂടാതെ യുഎസബി ചാർജിങ് സംവിധാനവുമുണ്ട്. ആവശ്യമായ എല്ലാ വിവരങ്ങളും എല്‍ഇഡി ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ ലഭിക്കും.

250 വാട്ട് മോട്ടോറാണ് റിയോ എലൈറ്റിന്റെ ഹൃദയം. 48വി-2എഎച്ച് ലെഡ്-ആസിഡ് ബാറ്ററി പാക്കിൽ നിന്നാണ് ഇലക്ട്രിക്ക് മോട്ടോറിന് പ്രവർത്തിക്കാൻ ആവശ്യമായ പവർ ലഭിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്‍താല്‍ നഗരങ്ങളില്‍ 55 കിലോമീറ്ററും ഹൈവേകളില്‍ 60 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും. പുത്തൻ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുമ്പോഴും ഓരോ കിലോമീറ്ററിനും കൂടുതല്‍ മിച്ചം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിയോ എലൈറ്റ് വികസിപ്പിച്ചതെന്ന് ആംപിയര്‍ വെഹിക്കിള്‍സ് വ്യക്തമാക്കി. എട്ട് മണിക്കൂറാണ് ബാറ്ററി പൂർണമായും ചാർജ് ആവാൻ വേണ്ട സമയം.