ആക്രി വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വാഹനം ഓടിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹറിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

ആക്രി വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വാഹനത്തിന് പകരം യുവാവിന് ബൊലേറോ സമ്മാനിച്ച മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ആക്രി വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വാഹനം ഓടിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹറിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഈ ചെറുവാഹന യാത്രയെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുന്നതിനൊപ്പം ആ ചെറുവാഹനത്തിന് പകരമായി പുതിയ വാഹനം നല്‍കാനുള്ള സന്നദ്ധതയും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

Scroll to load tweet…

ദത്താത്രേയ ലോഹര്‍ നിര്‍മ്മിച്ച വാഹനം മഹീന്ദ്രയുടെ വാഹന ശേഖരത്തില്‍ പ്രദര്‍ശിപ്പിക്കാമെന്നും യുവാവിന്‍റെ കഴിവിനെ അംഗീകരിച്ച് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആനന്ദ് മഹീന്ദ്രയുമായി യുവാവ് ബന്ധപ്പെടുകയായിരുന്നു. ഇന്നലെയാണ് യുവാവിന് പുത്തന്‍ വാഹനം മഹീന്ദ്ര നല്‍കിയത്. ബൊലേറോ വാഹനം യുവാവ് കുടുംബ സമേതമെത്തി വാങ്ങുന്ന ദൃശ്യങ്ങളും ആനന്ദ് മഹീന്ദ്ര ട്വീറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ആക്രി വസ്തുക്കളില്‍ നിന്ന് യുവാവ് നിര്‍മ്മിച്ച വാഹനം ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും ആനന്ദ് മഹീന്ദ്ര വിശദമാക്കി.

Scroll to load tweet…

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 3 സിലിണ്ടര്‍, എംഹോക് 75 ഡീസല്‍ എന്‍ജിനാണ് ബൊലേറോയ്ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 3,600 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി കരുത്തും 1,600- 2,200 ആര്‍പിഎമ്മില്‍ 210 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഇന്ധന ടാങ്കിന്റെ ശേഷി 60 ലിറ്ററാണ്. ഇരട്ട എയര്‍ബാഗുകള്‍, ഹൈ സ്പീഡ് അലര്‍ട്ട്, ഡ്രൈവര്‍ക്കും കോ- ഡ്രൈവര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷാ ഫീച്ചറുകളും ബൊലേറോയിലുണ്ട്. സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് 2000ത്തിന്‍റെ ആദ്യത്തില്‍ കമ്പനി ബൊലേറോ എസ്‍യുവിക്ക് രൂപം കൊടുക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചകാലം മുതല്‍ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ബൊലേറോ. രണ്ടാം നിര നഗരങ്ങളിലും ഗ്രാമീണ വിപണികളിലുമാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.