കഴിഞ്ഞ ദിവസം കോഴിക്കോട്-പാലക്കാട് ഹൈവേയിലെ ആ വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ്. നിയന്ത്രണം നഷ്‍ടപ്പെട്ട് പാഞ്ഞടുക്കുന്ന ഒരു ജെസിബിയുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് ഒരു ബൈക്കുകാരനെ രക്ഷിക്കുന്ന മഹീന്ദ്ര ബൊലേറോ ആണ് ഈ വീഡിയോയിലെ താരം.  ഇപ്പോഴിതാ അപകടത്തില്‍പ്പെട്ട ബൊലേറൊയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

ആ ബൊലേറോ ഒരു ജീവന്‍ രക്ഷിച്ചെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ആ ബൊലേറൊ അപ്പോള്‍ ആ വഴി വന്നത് ബൈക്കില്‍ ഇരുന്നിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടായാണെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. അപകടത്തിന്റെ വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. കരിങ്കല്ലത്താണി ഭാഗത്തു നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ജെസിബിക്ക് തൊടുകാപ്പ് ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.  ജെസിബി റോഡരികിലെ മരത്തില്‍ ഇടിച്ചുനിര്‍ത്താനായിരുന്നു ഡ്രൈവറുടെ നീക്കം. എന്നാല്‍ റോഡില്‍ വിലങ്ങനെ നീങ്ങിയ ജെസിബി റോഡരികില്‍ നിര്‍ത്തിയിരുന്ന ബൈക്കിലേക്ക് പാഞ്ഞടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബൈക്ക് നിര്‍ത്തി അതില്‍ ചാരി നില്‍ക്കുകയായിരുന്നു ഈ സമയം മുഹമ്മദ് സാലിഹ് എന്ന യുവാവ്. 

ഈ നിമിഷത്തിലാണ് സിനിമാ സ്റ്റൈലില്‍ എതിര്‍ ദിശയില്‍ നിന്നും ഒരു വെളുത്ത ബൊലേറോ ജീപ്പ് ഇരുവാഹനങ്ങള്‍ക്കും ഇടയിലേക്ക് പാഞ്ഞു കയറിയത്. അതോടെ ജീപ്പിന്റെ മുന്‍ഭാഗവും ജെസിബിയുടെ വശവും തമ്മില്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് സമീപം നിര്‍ത്തിയിട്ട ബൈക്കിനെ തെറിപ്പിച്ചു, അതിനു മുമ്പേ തലനാരിഴയുടെ വ്യത്യസാത്തില്‍ യുവാവ് ചാടി രക്ഷപ്പെട്ടു. ജെസിബിയാകട്ടെ സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് ഇടിച്ചുകയറി നില്‍ക്കുകയും ചെയ്‍തു. ആ സമയം ബൊലേറോ വന്നില്ലായിരുന്നെങ്കിൽ റോഡരികിൽ ബൈക്കിൽ ചാരി നിന്നിരുന്ന യുവാവിന് അപകടം സംഭവിക്കുമായിരുന്നു. മൂന്നു വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആരും സാരമായ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.

സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് 2000ത്തിന്‍റെ ആദ്യത്തില്‍ കമ്പനി ബൊലേറോ എസ്‍യുവിക്ക് രൂപം കൊടുക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചകാലം മുതല്‍ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ബൊലേറോ. രണ്ടാം നിര നഗരങ്ങളിലും ഗ്രാമീണ വിപണികളിലുമാണ് ഈ വാഹനത്തിന് ആവശ്യക്കാര്‍ ഏറെയുമുള്ളത്. ബിഎസ് 6 പാലിക്കുന്ന ബൊലേറോയെ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.