ഇടുക്കി: അങ്ങനെ അരുൺകുമാറിന്റെ വില്ലീസ് ജീപ്പ് മിനിയേച്ചർ മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിലും ഇടം പിടിച്ചു. കഴിഞ്ഞ ദിവസമാണ് ഇടുക്കി സ്വദേശിയായ അരുൺ കുമാർ പുരുഷോത്തമൻ നിർമ്മിച്ച വില്ലീസ് ജീപ്പിന്റെ മിനിയേച്ചർ മാതൃക സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ശ്രദ്ധേയമായത്. ലൂസിഫർ എന്ന സിനിമയിൽ മോഹൻലാലിന്റെ വാഹനമായ വില്ലീസ് ജീപ്പിന്റെ ചെറുമാതൃകയാണ് അരുൺ കുമാർ നിർമ്മിച്ചത്. കൊല്ലം അഞ്ചൽ സ്വദേശി അമൃതേഷ് എന്ന പത്തുവയസ്സുകാരന് വേണ്ടിയായിരുന്നു ഈ കുഞ്ഞൻ ജീപ്പ്.

സോഷ്യൽ മീഡിയയിൽ‌ ഈ കുഞ്ഞൻ ജീപ്പ് ചർച്ചയായതോടെയാണ് ആനന്ദ് മഹീന്ദ്ര ജീപ്പ് നിർമ്മിച്ച ആളെത്തിരക്കി ട്വീറ്റുമായി എത്തിയിരിക്കുന്നത്. 'വളരെ മനോഹരമായ ഒരു മാതൃകയാണിത്. വിൽപനയ്ക്കായി ഇത്തരം കളിപ്പാട്ടങ്ങൾ ഞങ്ങൾക്കായി നിർമ്മിക്കാൻ ഇദ്ദേഹത്തിന് താത്പര്യമുണ്ടോ എന്ന് അറിയാനാ​ഗ്രഹമുണ്ട്. ഇവ കൂടുതലായി നിർമ്മിക്കുകയാണെങ്കിൽ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളോട് മത്സരിക്കാൻ കഴിയുന്നതാണ്.' ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. മറ്റൊരാളെ ‍ടാ​ഗ് ചെയ്ത് 'ഇദ്ദേഹത്തെ ഞങ്ങളുമായി ബന്ധപ്പെടുത്താൻ സഹായിക്കുമോ' എന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ആദ്യമായിട്ടല്ല അരുൺ കുമാർ ഇത്തരം കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത്. മക്കളായ മാധവിനും കേശിനിക്കും വേണ്ടി അരുൺകുമാർ നിർമ്മിച്ച 'സുന്ദരി ഓട്ടോ' വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്സാണ് അരുൺ കുമാർ.