കനത്ത മഴയിൽ മുങ്ങിയിരിക്കുകയാണ് മുംബൈ നഗരം. മുംബൈയിലും പരിസരപ്രദേശങ്ങളിലും ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.  റോഡ് ഗതാഗതം സ്‍തംഭിച്ചു. വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. പ്രധാനഗതാഗത മാർഗമായ ലോക്കൽ ട്രെയിൻ സർവീസുകൾ താറുമാറായി. മേഖലയിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. 

ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് രാജ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്രയുടെ തലവന്‍റെ ട്വീറ്റ്. വെള്ളക്കെട്ടില്‍ മുന്നോട്ടു പോകാനാകാതെ കുടുങ്ങിക്കിടക്കുന്ന ജാഗ്വറിന്‍റെ ലാന്‍ഡ് റോവറിന്‍റെയും പ്രതിസന്ധിയെ തരണം ചെയ്‍ത് മുന്നോട്ടു പോകുന്ന മഹീന്ദ്ര ബോലേറോ പിക്ക് അപ്പിന്‍റെയും വാര്‍ത്തയും ചിത്രങ്ങളും സഹിതമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. 

ഈ സാഹചര്യത്തില്‍ ആത്മപ്രശംസ പറയുകയല്ലെന്ന് പറഞ്ഞു തുടങ്ങുന്ന ട്വീറ്റില്‍ ഏത് ഭൂപ്രകൃതിക്കും ഇണങ്ങുന്ന വാഹനമാണ് ബൊലേറോ എന്ന് തെളിഞ്ഞിരിക്കുകയാണ് മഹീന്ദ്ര മേധാവി അവകാശപ്പെടുന്നു. ഇതുകൊണ്ടാണ് ബൊലേറോ തന്‍റെ പ്രിയപ്പെട്ട വാഹനമാകുന്നതെന്നും അദ്ദേഹം പറയുന്നു. ജാഗ്വര്‍ കുടുങ്ങുന്നിടത്ത് ബൊലേറോ രാജാവിനെപ്പോലെ സഞ്ചരിക്കുന്നെന്ന വാര്‍ത്തയുടെ തലക്കെട്ട് ആവര്‍ത്തിച്ചു കൊണ്ടാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് അവസാനിക്കുന്നത്. 

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇപ്പോള്‍ മറ്റൊരു ഇന്ത്യന്‍ കമ്പനിയായ ടാറ്റയുടെ ഉടമസ്ഥതയിലാണെന്നതാണ് കൗതുകം. കോടികള്‍ വിലയുള്ള ആഡംബര എസ്‍യുവി വെള്ളത്തില്‍ കുടുങ്ങിയപ്പോള്‍ താരതമ്യേന വില കുറഞ്ഞ ബൊലേറോ പിക്കപ്പ് കടന്നുപോകുന്നത് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ് ടാറ്റയെ കളിയാക്കിയതാണെന്നാണ് ചില വാഹനപ്രേമികള്‍ പറയുന്നത്. മഹീന്ദ്ര മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു. സന്ദര്‍ഭത്തിന് നിരക്കാത്ത വാക്കുകളാണെന്നും പ്രളയക്കെടുതിക്കിടയിലും കച്ചവടം പയറ്റുന്നത് വിലകുറഞ്ഞ തന്ത്രമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. 

2003-ലാണ് ആദ്യ യൂണിറ്റ്  ബൊലേറോ പിക്ക് അപ്പിനെ മഹീന്ദ്ര വിപണിയിലെത്തിച്ചത്.  കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാഹനത്തിന്‍റെ പരിഷ്‍കരിച്ച പതിപ്പിനെയും അവതരിപ്പിച്ചു. 70 bhp പവറും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.  ബൊലേറോ പിക്കപ്പിന്റെ നിര്‍മാണം 15 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി അടുത്തിടെ കമ്പനി അറിയിച്ചിരുന്നു.