ലോറിയെ ആക്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കർണാടകയിലെ നാഗർഹോളെ ദേശീയപാർക്കിലാണ് സംഭവം. ദേശീപാതയിലൂടെ കടന്നു പോയ മിനി ട്രക്കിനു നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. 

മിനി ലോറിക്കു നേരെ പാഞ്ഞടുക്കുന്ന ആനയെക്കണ്ട് ഡ്രൈവർ വണ്ടി പിന്നോട്ടെടുക്കുന്നതും പ്രകോപിതനായ ആന വാഹനത്തിന്‍റെ ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കി വലിച്ചെറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

വാഹനത്തില്‍ ഡ്രൈവറോടൊപ്പമുണ്ടായിരുന്ന ആളാണ് 51 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ പകർത്തിയത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ അപകടമൊന്നും സംഭവിക്കാതെ രക്ഷപെട്ടത്.  ബോണറ്റ് കുത്തിയെടുത്തുകളഞ്ഞ ശേഷം കൂടുതൽ ആക്രമണത്തിനു മുതിരാതെ ആന മറുവശത്തേക്ക് പോകുകയായിരുന്നു. മദപ്പാടാകാം ആന പ്രകോപിതനാകാൻ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.