ടിവിഎസിന്റെ ജനപ്രിയ മോട്ടോർസൈക്കിളായ അപ്പാഷെ ആർ ടി ആർ 180 ന്‍റെ ബിഎസ്6 ഉടൻ വിപണിയിലേക്ക്. പുതുക്കിയ വാഹനത്തിന് 1.01 ലക്ഷം രൂപയാവും എക്സ്ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് നിലവിലുള്ള മോഡലിനേക്കാൾ 6,700 രൂപ കൂടുതല്‍.

പുത്തന്‍ മോട്ടോർസൈക്കിളിന്റെ മറ്റ് വിവരങ്ങളോ ചിത്രങ്ങളോ ടിവിഎസ് പുറത്തുവിട്ടിട്ടില്ല. അതിനാൽ ബൈക്കിന് കാര്യമായ ഡിസൈൻ പരിഷ്ക്കരണങ്ങൾ ഒന്നും ലഭിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബി‌എസ്-VI-ലേക്കുള്ള നവീകരണം 177.4 സിസി, ടു-വാൽവ്, എയർ-കൂൾഡ് എഞ്ചിൻറെ പവർ കണക്കുകളുടെ വ്യത്യാസം എങ്ങനെ എന്നുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. 

നിലവിൽ, 8,500 rpm-ൽ 16.6 bhp കരുത്തും 6,500 rpm-ൽ 15.5 Nm torque ഉം ആണ് അപ്പാഷെ RTR 180 ഉത്പാദിപ്പിക്കുന്നത്. പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള പരിഷ്ക്കരണം മിക്ക ബൈക്കുകളുടെയും പവറും ടോർക്കും നഷ്‌ടപ്പെടാൻ കാരണമാകുന്നുണ്ട്. പുതിയ RTR 180 മോഡലിൽ ഇതെങ്ങനെ ബാധിക്കുമെന്ന് അറിയാനായിട്ടില്ല.

ഡബിൾ ക്രാഡിൽ ഫ്രെയിം, ടെലിസ്‌കോപ്പിക് ഫോർക്ക്, ട്വിൻ ഷോക്ക് അബ്സോർബറുകൾ എന്നിവയും ബൈക്കിൽ തുടരും. മുൻവശത്ത് 270 mm ഡിസ്ക്കും പിന്നിൽ 200 mm ഡിസ്ക്കും സിംഗിൾ-ചാനൽ എബി‌എസ് സിസ്റ്റത്തിനൊപ്പം പ്രവർത്തിക്കുന്ന പെറ്റൽ ഡിസ്‌ക് ബ്രേക്കുകൾ നിലവിലുള്ള അപ്പാച്ചെ RTR 180 പതിപ്പിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ബജാജ് പൾസർ 180, സുസുക്കി ജിക്സെർ, യമഹ FZ V 3.0 തുടങ്ങിയവരാണ് പുത്തൻ അപ്പാഷെ ആർ ടി ആർ 180 ന്‍റെ മുഖ്യ എതിരാളികള്‍. അപ്പാഷെ ആര്‍ടിആര്‍ 160ന്റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അടുത്തിടെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.