ടെക്ക് ഭീമന്മാരായ ആപ്പിളും ദക്ഷിണകൊറിയന്‍ വാഹനഭീമന്‍ ഹ്യുണ്ടായിയും കൈക്കോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായാണ് ഇരുകമ്പനികളും തമ്മില്‍ സഹകരിക്കുന്നതെന്ന് കൊറിയന്‍ മാധ്യമമായ ഐടിന്യൂസിനെ ഉദ്ധരിച്ച്  മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതുസംബന്ധിച്ച കരാറില്‍ ഇരുകമ്പനികളും തമ്മില്‍ മാര്‍ച്ചില്‍ ഒപ്പുവയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2024-ന്റെ തുടക്കത്തില്‍ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചേക്കും. ഹ്യുണ്ടായിയുടെ അനുബന്ധ കമ്പനിയായ കിയ മോട്ടോഴ്‌സിന്റെ ജോര്‍ജിയയിലെ പ്ലാന്റില്‍ പുതിയ വാഹനം നിര്‍മിക്കുമെന്നും അല്ലെങ്കില്‍ ഇരുകമ്പനികളും അമേരിക്കയില്‍ പുതിയ പ്ലാന്റ് ആരംഭിക്കുമെന്നും സൂചനയുണ്ട്. പ്രതിവര്‍ഷം നാല് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റായിരിക്കും അമേരിക്കയില്‍ ഒരുക്കുക. 2024-ല്‍ ഇവിടെ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കും.  2027-ഓടെ ഇലക്ട്രിക് ഓട്ടോണമസ് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാനാണ് നീക്കം. 

അതേസമയം, ആപ്പിള്‍ കാറിന്റെ ബീറ്റ വേര്‍ഷന്‍ ഹ്യുണ്ടായിയും ആപ്പിളും അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍, ഇത് ആപ്പിള്‍ അധികൃതരോ ഹ്യുണ്ടായി മോട്ടോഴ്‌സോ സ്ഥിരീകരിച്ചിട്ടില്ല. ആപ്പിള്‍, ഓട്ടോണമസ് വാഹനങ്ങളുടെ സാങ്കേതികവിദ്യ വികസിപ്പിക്കാനൊരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും പുതിയ വാര്‍ത്ത കൂടി പുറത്തുവന്നതോടെ ഹ്യുണ്ടായിയുടെ ഓഹരി മൂല്യം 20 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.