2021 ഏപ്രില്‍ മാസത്തിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോള്‍ നേട്ടവുമായി ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയും ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ടയും. അതേസമയം ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതിയുടെയും ഹ്യുണ്ടായിയുടെയും വില്‍പ്പന കുറഞ്ഞതായും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോഴ്‌സിനും വില്‍പ്പന ഇടിവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതിസന്ധിക്കിടയിലും 9.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 18,285 യൂണിറ്റുകള്‍ വിറ്റഴിച്ച കമ്പനി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഴാം സ്ഥാനത്തുള്ള ഹോണ്ട കാര്‍ ഇന്ത്യ 27.72 ശതമാനത്തിന്റെ വളര്‍ച്ച നേടി. എന്നാല്‍ ചൈനീസ് വാഹന ബ്രാന്‍ഡായ സായിക്കിന്‍റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സ് ഏറ്റവും വലിയ ഇടിവാണ് നേരിടേണ്ടി വന്നത്. കമ്പനിയുടെ വില്‍പ്പനയില്‍ 53.60 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാരുതി സുസുക്കി ഏപ്രിലില്‍ 1.35 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. മാര്‍ച്ച് മാസം ഇത് 1.46 ലക്ഷമായിരുന്നു. 7.06 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞമാസത്തേക്കാള്‍ ഈ മാസം നേരിടേണ്ടിവന്നത്.

ഹ്യുണ്ടായ് മാര്‍ച്ച് മാസം 52,600 യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കില്‍ ഏപ്രിലില്‍ ഇത് 49,002 ആയി കുറഞ്ഞു. 6.84 ശതമാനത്തിന്റെ കുറവ്. ടാറ്റാ മോട്ടോഴ്‌സ് 25,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മാര്‍ച്ച് മാസത്തെ 30,000 യൂണിറ്റുകളേക്കാള്‍ 15.37 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona