ഇറ്റാലിയന്‍ വാഹന ബ്രാന്‍ഡായ പിയാജിയോയുടെ അപ്രീലിയ ആർഎസ് 660, ട്യൂണോ 660 ഇരട്ടകളെ ഇന്ത്യയില്‍ എത്തിക്കാൻ കമ്പനി ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വർഷം പകുതിയോടെ ഇരു മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

660 സിസി സൂപ്പർസ്പോർട്ട് സെഗ്മെന്റിലേക്കാണ് ഈ ബൈക്കുകള്‍ എത്തുക. ഫുൾ-ഫെയേർഡ് ബൈക്ക് ആണ് അപ്രിലിയ ആർഎസ് 660. ഇരട്ട ഫുൾ എൽഇഡി ഹെഡ്‍ലാംപുകൾ, അഗ്രെസ്സിവ് ആയ ഫെയറിങ്, ബോഡി പാര്‍ട്‍സുകൾ കുറഞ്ഞ പിൻ വശം എന്നിവ അപ്രിലിയ ആർഎസ് 660ന് ലഭിക്കും. സെമി-ഫെയറിങ്ങുള്ള മോഡൽ ആണ് അപ്രിലിയ റ്റ്യൂണോ 660.

ഇരു ബൈക്കുകൾക്കും 270 ഡിഗ്രി ഫയറിംഗ് ഓർഡറുള്ള 659 സിസി, ലിക്വിഡ്-കൂൾഡ് എൻജിനാണ് ഹൃദയം. ഈ എൻജിൻ 10,500 ആർ‌പി‌എമ്മിൽ‌ 100 ബിഎച്ച്പി പവറും 8,500 ആർ‌പി‌എമ്മിൽ‌ 67 എൻ‌എം പീക്ക് ടോർ‌ക്കും ഉല്‍പ്പാദിപ്പിക്കും. ക്രമീകരിക്കാവുന്ന വീലി കണ്ട്രോൾ, മൂന്ന്-ലെവൽ കോർണേറിങ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, 6-ആക്സിസ് ഐഎംയു. എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

അപ്രിലിയ ആർഎസ് 660, റ്റ്യൂണോ 660-യിൽ അപ്പ് / ഡൗൺ ക്വിക്ക് ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ, അഞ്ച് റൈഡിംഗ് മോഡുകൾ എന്നിവയും നൽകിയേക്കും. സസ്‌പെൻഷൻ ഘടകങ്ങളിൽ 41 എംഎം കയാബ യുഎസ്‍ഡി ഫോർക്ക് ഉൾപ്പെടുന്നു. പിൻഭാഗത്ത്, റീബൗണ്ടിനും പ്രീലോഡിനും ക്രമീകരിക്കാവുന്ന ഒരു മോണോഷോക്ക് ഉണ്ട്. മുന്നില്‍ ഇരട്ട 320 ഡിസ്കുകൾ ഉപയോഗിച്ച് നാല് പിസ്റ്റൺ ബ്രെംബോ റേഡിയൽ കാലിപ്പറുകളും പിന്നിൽ 220 എംഎം ഡിസ്കും രണ്ട് പിസ്റ്റണുകളായ ബ്രെംബോയുമാണ് ബ്രേക്കിംഗ്. 

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ, കാവസാക്കി നിഞ്ച 650, ഉടൻ വില്‍പ്പനയ്ക്ക് എത്തുന്ന ഹോണ്ട സിബി650ആർ എന്നിവയാണ് അപ്രിലിയ ആർഎസ് 660-യുടെ എതിരാളികൾ. ട്രയംഫ് ട്രൈഡന്റ് 660 ആവും റ്റ്യൂണോ 660-യുടെ മുഖ്യ എതിരാളി.