Asianet News MalayalamAsianet News Malayalam

അപ്രീലിയ എസ്എക്‌സ്ആര്‍ 125 വരുന്നൂ

പുതിയൊരു 125 സിസി സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഇറ്റാലിയന്‍ ബ്രാന്‍ഡായ പിയാജിയോ

Aprilia SXR 125 pre-bookings open
Author
Mumbai, First Published Apr 6, 2021, 3:43 PM IST

പുതിയൊരു 125 സിസി സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഇറ്റാലിയന്‍ ബ്രാന്‍ഡായ പിയാജിയോ. പ്രീമിയം സ്‌കൂട്ടറായ അപ്രീലിയ എസ്എക്‌സ്ആര്‍ 125 സ്‌കൂട്ടറാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഓണ്‍ലൈന്‍/അപ്രീലിയ ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ഈ സ്‍കൂട്ടര്‍ പ്രീ ബുക്കിംഗ് നടത്താം. 5,000 രൂപയാണ് ബുക്കിംഗ് തുക.  മാക്‌സി സ്‌കൂട്ടറിന്റെ സ്റ്റൈലിംഗ് നല്‍കിയാണ് പുതിയ മോഡല്‍ എത്തുന്നത്. ഈയിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച അപ്രീലിയ എസ്എക്‌സ്ആര്‍ 160 സ്‌കൂട്ടറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്.

അപ്രീലിയ എസ്ആര്‍ 125, അപ്രീലിയ സ്റ്റോം 125 സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതും ബിഎസ് 6 പാലിക്കുന്നതുമായ അതേ 125 സിസി, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനായിരിക്കും അപ്രീലിയ എസ്എക്‌സ്ആര്‍ 125 സ്‌കൂട്ടറിന് കരുത്തേകുന്നത്. നിലവിലെ ട്യൂണിംഗ് അനുസരിച്ച് ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 9.4 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 9.9 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്നു. പുതിയ സ്‌കൂട്ടറിനായി എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകളില്‍ മാറ്റം വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു. എന്‍ജിനുമായി സിവിടി ഘടിപ്പിക്കും.

റാപ്പ്എറൗണ്ട് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യുന്നതിന് ബ്ലൂടൂത്ത്, നീളമേറിയതും വലുതും കൂടുതല്‍ ഇരിപ്പുസുഖം ലഭിക്കുന്നതുമായ സീറ്റ്, പിന്നില്‍ ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷന്‍, സിബിഎസ് സഹിതം ഡിസ്‌ക് ബ്രേക്ക്, സവിശേഷ അപ്രീലിയ ഗ്രാഫിക്‌സ് എന്നിവ ഫീച്ചറുകളായിരിക്കും. ഇന്ത്യയ്ക്കായി ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്തതാണ് സ്‌കൂട്ടറെന്ന് കമ്പനി വ്യക്തമാക്കി. സ്റ്റൈല്‍, പെര്‍ഫോമന്‍സ്, അസാധാരണ റൈഡിംഗ് അനുഭവം, മികച്ച എര്‍ഗണോമിക്‌സ് എന്നിവ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

പുതിയ അപ്രീലിയ ഡിസൈന്‍ ഫിലോസഫിയോടെ ഇന്ത്യയ്ക്കായി ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്ത ആദ്യ സ്‌കൂട്ടറായ അപ്രീലിയ എസ്എക്‌സ്ആര്‍ 160 മോഡലിന് ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രശംസ ലഭിച്ചതായി പിയാജിയോ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡീഗോ ഗ്രാഫി പറഞ്ഞു. അപ്രീലിയ എസ്എക്‌സ്ആര്‍ ആവേശം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന് എസ്എക്‌സ്ആര്‍ 125 വൈകാതെ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios