Asianet News MalayalamAsianet News Malayalam

ARAI Fast Charger : ഇ-വാഹനങ്ങൾക്കായി അതിവേഗ ചാർജറുകൾ വികസിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ഇ-വാഹനങ്ങൾക്കായി ഫാസ്റ്റ് ചാർജറുകൾ വികസിപ്പിക്കാന്‍  കേന്ദ്ര ഘനവ്യവസായ മന്ത്രാലയം

ARAI working on developing fast chargers for e vehicles
Author
Pune, First Published Dec 6, 2021, 11:50 AM IST

ട്ടോമോട്ടീവ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ബോഡി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) (ARAI) ഇ-വാഹനങ്ങൾക്കായി ഫാസ്റ്റ് ചാർജറുകൾ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയാണെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി (Heavy Industries Minister) മഹേന്ദ്ര നാഥ് പാണ്ഡെ. 

പൂനെ (pune) ആസ്ഥാനമായുള്ള സ്വയംഭരണ സ്ഥാപനം ഇതിനകം തന്നെ ഉൽപ്പന്നത്തിന്റെ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഘനവ്യവസായ മന്ത്രാലയം പൂനെയില്‍ സംഘടിപ്പിച്ച 'ഇലക്‌ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള റൗണ്ട് ടേബിൾ' പരിപാടിയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പിടിഐയുടെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കിയതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇ-വാഹന ബാറ്ററി ചാർജ് ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതായും ഇത് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗം ഉണ്ടാക്കാന്‍  ARAI യോട് നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. അവർ ഒരു ഫാസ്റ്റ് ചാർജറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചിട്ടുണ്ടെന്നും 2022 ഡിസംബറോടെ ഉൽപ്പന്നം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇ-വാഹനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. 

2022 ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കാൻ എആർഎഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഡിസംബറോടെ ഇത് ഉപയോക്താക്കൾക്ക് ഉപയോഗത്തിനായി ലഭ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. ഫാസ്റ്റ് ചാർജറുകൾ പുറത്തിറക്കുന്നത് ബാറ്ററി വാഹനങ്ങളുടെ ചാർജ്ജിംഗ് പ്രശ്‌നം പരിഹരിക്കുകയും ബാറ്ററി വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കുകയും ചെയ്യുമെന്നും ഇതിനുള്ള ഗവേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്നും അത് പൂർത്തിയായതിന് ശേഷം ഇരുചക്ര വാഹനങ്ങളുടെയും ത്രീ വീലറിന്റെയും പ്രത്യേക ചാർജിംഗ് സമയം സംബന്ധിച്ചും പഠിക്കുമെന്നും മന്ത്രി പറഞ്ഞു. 

രാജ്യത്തുടനീളമുള്ള 22,000 പെട്രോൾ പമ്പുകളിൽ ചാർജറുകൾ സ്ഥാപിക്കുന്നതിനായി ഘനവ്യവസായ മന്ത്രാലയം പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവുമായി ചർച്ച നടത്തി വരികയാണെന്നും പാണ്ഡെ പറഞ്ഞു. രാജ്യത്തുടനീളം 70,000 പെട്രോൾ പമ്പുകളുണ്ടെന്നും പദ്ധതി പ്രകാരം ഹൈവേകളിൽ 25 കിലോമീറ്റർ ഇടവിട്ട് നഗരങ്ങളിൽ മൂന്നു കിലോമീറ്റർ ചുറ്റളവിൽ ചാർജിംഗ് സ്റ്റേഷൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ പങ്കാളികളോട് അവരുടെ പ്രശ്‌നങ്ങൾ തന്റെ മന്ത്രാലയത്തെ അറിയിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

"കമ്പനികളോട് അവരുടെ ആശങ്കകൾ ചർച്ച ചെയ്യാനും അറിയിക്കാനും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ ശ്രദ്ധയിൽപ്പെടുത്തിയ പ്രശ്‍നങ്ങൾ പരിഹരിക്കുന്നതിന് അവർക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു."

രാജ്യത്ത് വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്‍ത സമ്മേളനത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരും 19 സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഓട്ടോമോട്ടീവ് മേഖലയിലെ വ്യവസായ പ്രമുഖരും പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios