Asianet News MalayalamAsianet News Malayalam

നിങ്ങൾ ഒരു ഡിഫൻസീവ് ഡ്രൈവര്‍ ആണോ?അല്ലെങ്കിൽ ഉടൻ അങ്ങനെയാകണം, കേരള എംവിഡി പറയുന്നത് കേൾക്കൂ

നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള ഘടകങ്ങളൊ ഉണ്ടെങ്കിൽപ്പോലും അപകടകരമായ അത്തരം അപ്രതീക്ഷിത സാഹചര്യങ്ങൾ മുൻകൂട്ടി കാണുകയും പ്രതികരിക്കുകയും  ചെയ്യുന്നിടത്താണ് പ്രതിരോധ ഡ്രൈവിംഗ് പ്രാവർത്തികമാകുന്നത്.

Are you a defensive driver Or soon to be hear from Kerala MVD
Author
First Published Aug 26, 2024, 7:26 PM IST | Last Updated Aug 26, 2024, 7:26 PM IST

മ്മുടെ കുറ്റങ്ങൾ കൊണ്ടുമാത്രമല്ല പലപ്പോഴും നമ്മൾ വാഹനാപകടങ്ങളിൽ ചെന്നുപെടുന്നത്. കൂടെ റോഡിലിറങ്ങിയ മറ്റു വാഹനങ്ങളുടെ അശ്രദ്ധയോ റോഡോ ടയറോ തുടങ്ങി എന്തുമാകാം. എന്നാൽ അത്തരം അപകട സാധ്യതകൾ കുറയ്ക്കാൻ എന്ത് ചെയ്യണമെന്ന് പറയുകയാണ് കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഡിഫൻസീവ് ഡ്രൈവര്‍ ആകാനാണ് എംവിഡി നിര്‍ദേശിക്കുന്നത്. എന്താണ് ഡിഫൻസീവ് ഡ്രൈവിങ് എന്നും എങ്ങനെ അങ്ങനെ ഒരു ഡ്രൈവര്‍ ആകാമെന്നും എംവിഡി കുറിപ്പിൽ പറയുന്നു.

ഡിഫൻസീവ് ഡ്രൈവിംഗ് എന്ത് ? എങ്ങനെ ?....

റോഡിലേക്ക് വരുന്ന  പന്തിന്റെ പുറകെ ഒരു കുട്ടിയുണ്ടാവും എന്ന് ചിന്തിക്കുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ അടിസ്ഥാനം തന്നെ ... റോഡ് നിയമങ്ങൾക്കും ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾക്കും അപ്പുറം റോഡിലെ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുൻകൂട്ടി കണ്ടുകൊണ്ട്, അവയെ കൂടി മറികടക്കാൻ കഴിയുന്ന വിധത്തിൽ സ്വന്തം ഡ്രൈവിംഗ് രീതികളെ നിരന്തരമായി പരിഷ്കരിക്കുകയും കൂടുതൽ അപകടരഹിതമായ രീതികളിലേക്ക് സ്വയം മാറുകയും ചെയ്യുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിംങ്ങിൻ്റെ അടിസ്ഥാന തത്വം.

നമ്മൾ ഒരു കൊടും വളവ് മറികടക്കാൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ സ്വാഭാവികമായും ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ ഫോൺ മുഴക്കുക എന്നുള്ളതാണ് ആദ്യപടി. എന്നാൽ മറുഭാഗത്തുള്ള ഡ്രൈവർ ഹോൺ മുഴക്കിയില്ല എങ്കിലോ ? അവിടെ മറ്റു വാഹനങ്ങളില്ല എന്ന മുൻധാരണയിൽ നമുക്ക് മുന്നോട്ട് പോകാം, എന്നാൽ ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഹോൺ മുഴക്കാതെ വരുന്നുണ്ടെങ്കിലോ? അപ്പുറത്ത് ഒരു വാഹനം ഉണ്ടെന്നും പ്രസ്തുത വാഹനം അയാൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്താവും എന്ന ധാരണയിൽ നമുക്ക്  അനുവദിച്ചിട്ടുള്ള റോഡിന്റെ ഇടത് വശത്തുകൂടെ വളവ് മറികടക്കാൻ ശ്രമിക്കുക എന്നുള്ളതാണ് രണ്ടാമത്തേത്. 

ഇനി അയാൾ വളവിനപ്പുറം നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ  ഇടതു ഭാഗത്തെ പകുതിയിലാണെങ്കിലോ,  അങ്ങനെയാണെങ്കിൽ പോലും വളവിന്റെ അപ്പുറത്തുള്ള അപകടസാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള സുരക്ഷിതമായ വേഗതയിലേക്ക് മാറുകയും വേണമെങ്കിൽ വാഹനം നിർത്താൻ കഴിയും എന്നുള്ള ബോധ്യത്തോടെ വാഹനം ഓടിക്കുകയും ചെയ്യുക എന്നുള്ളതാണ് മൂന്നാമത്തെ കാര്യം. 

എന്നാൽ അയാൾ അതിവേഗതയിൽ നമുക്ക് അനുവദിച്ചിട്ടുള്ള പകുതിയിലൂടെ വളവ് തിരിഞ്ഞു വരുന്ന നമ്മുടെ വാഹനത്തിന് നേരെ ഓടിച്ചു വരുന്ന ഒരു ഒരു വിഡ്ഡിയോ മദ്യപാനിയോ സ്ഥിരബുദ്ധി ഇല്ലാത്ത ഒരാളോ ആണെങ്കിലോ, അപ്പോഴും അവസാന നിമിഷം ഒഴിഞ്ഞുമാറാൻ കഴിയുന്നതോ അല്ലെങ്കിൽ താരതമ്യേന ലഘുവായ അപകടം മാത്രം സൃഷ്ടിക്കുന്ന ഒരു എസ്കേപ്പ് റൂട്ട് കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള നാലാമത്തെ ഘട്ടമാണ് ഡിഫൻസ് ഡ്രൈവിംഗ് ലക്ഷ്യം വയ്ക്കുന്നത്. 

ഒരു വാഹനത്തെ മറികടക്കുമ്പോൾ മുൻവശത്തെ റോഡ് പൂർണമായി കണ്ടു കൊണ്ടും അപകടമില്ല എന്ന് ഉറപ്പാക്കിക്കൊണ്ടും മറികടക്കുന്നതും എന്നാൽ അവിടം കാണാൻ സാധിക്കാത്തപ്പോഴും സുരക്ഷിതമായിരിക്കും എന്ന മുൻധാരണയിൽ മറികടക്കാൻ ശ്രമിക്കുന്നതും രണ്ട് വ്യത്യസ്തമായ നിലപാടുകളാണ്, ഒന്ന് സ്വന്തം പരിമിതികളെ മനസ്സിലാക്കിക്കൊണ്ടുള്ളതും, രണ്ടാമത്തേത് സ്വന്തം ജീവിതത്തെ വിധിക്ക് വിട്ടു കൊടുത്തു കൊണ്ടുള്ളതും..

നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിൻ്റെ മറവിലൂടെ എപ്പോൾ വേണമെങ്കിലും ഒരാൾ പ്രത്യക്ഷപ്പെടാം എന്നുള്ളത് , സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ഡോർ തുറക്കാം എന്നോ എപ്പോൾ വേണമെങ്കിലും ആ വാഹനം വലത്തോട്ട് എടുക്കാം എന്നതോ ആയ "അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക"  (Expect the Unexpected)  എന്ന  ഡിഫൻസ് ഡ്രൈവിംഗിന്റെ അടിസ്ഥാനതത്വം മനസ്സിലാക്കി വേണം വാഹനം ഓടിക്കുന്നത്.

സാധാരണയായി ഒരു വാഹനം മുന്നോട്ട് സഞ്ചരിക്കുമ്പോൾ ഐ പി ഡി ഇ (Identify - predict- Decide- and Execute) രീതിയിലാണ് ഡ്രൈവ് ചെയ്യുന്നത് അതായത് മുന്നിലുള്ള വാഹനത്തിന്റെയോ ആളുകളുടെയോ ചലനങ്ങൾ മുൻകൂട്ടി പ്രതീക്ഷിച്ചുകൊണ്ട് അതിനനുസരിച്ച് സ്വന്തം വാഹനത്തെ ഗതി മാറ്റുകയോ നിർത്തുകയോ ചെയ്യണമെന്ന് തീരുമാനിക്കുകയും അത് നടപ്പിലാക്കുകയുമാണ് നിരന്തരമായി ഡ്രൈവിങ്ങിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

മറ്റ് ഡ്രൈവർമാരുടെയോ നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള ഘടകങ്ങളൊ ഉണ്ടെങ്കിൽപ്പോലും അപകടകരമായ അത്തരം അപ്രതീക്ഷിത സാഹചര്യങ്ങൾ മുൻകൂട്ടി കാണുകയും പ്രതികരിക്കുകയും  ചെയ്യുന്നിടത്താണ് പ്രതിരോധ ഡ്രൈവിംഗ് പ്രാവർത്തികമാകുന്നത്.  അപ്രതീക്ഷിത സാഹചര്യങ്ങൾ, മറ്റ് വാഹനങ്ങൾ, റോഡ് ഉപയോക്താക്കൾ എന്നിവ മൂലം  അപകടത്തിന് കാരണമാവുകയോ അതിൽ ഉൾപ്പെടുകയോ ചെയ്യാതിരിക്കാനുള്ള നടപടികളാണ് ഇതിൽ ഇതിൽപ്പെടുന്നത്.

പ്രതിരോധ ഡ്രൈവിംഗ് ഘട്ടങ്ങൾ

1.അവബോധം:  ചുറ്റുപാടുകളെക്കുറിച്ചും റോഡിലെ അപകടസാധ്യതകളെക്കുറിച്ചും മനസ്സിലാക്കുക എന്നതാണ് ആദ്യ ഘട്ടം. സ്വന്തം വേഗതക്ക് അനുസരിച്ച് മുന്നിലുള്ള റോഡിൽ 12 സെക്കണ്ട് കൊണ്ട് എത്തിച്ചേരാൻ സാധ്യതയുള്ള അകലം സ്കാൻ ചെയ്യുകയും പിന്നിലുള്ള റോഡ് എല്ലാ കണ്ണാടികളും വഴി പരിശോധിക്കുകയും ചെയ്യുകയും അപകടകാരികളായ ഡ്രൈവർമാർ, കാൽനടയാത്രക്കാർ, മൃഗങ്ങൾ, അല്ലെങ്കിൽ റോഡിലുണ്ടാവുന്ന മാറ്റങ്ങൾ തുടങ്ങിയ നിരന്തരം നിരീക്ഷിക്കുകയും  വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക.

2. തിരിച്ചറിയൽ (ഐഡന്റിഫിക്കേഷൻ):  ഈ ഘട്ടത്തിൽ, ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സാധ്യതയുള്ള അപകടങ്ങളോ അപകടസാധ്യതകളോ തിരിച്ചറിയുന്നു.  നിങ്ങളുടെ ലെയ്‌നിലേക്ക് ഒരു വാഹനം വശങ്ങളിലൂടെ വരുന്നത്,  റോസ് മുറിച്ചുകടക്കാൻ പോകുന്ന ഒരു കാൽനടയാത്രക്കാരനോ ഒരു മൃഗമോ ശ്രമിക്കുന്നത് , അല്ലെങ്കിൽ ഒരു വാഹനം ഇന്റിക്കേറ്റർ ഇടുന്നത്  തിരിച്ചറിയുന്നത് എല്ലാം ഉൾപ്പെടാം.

3. പ്രവചനം (Prediction): അപകടസാധ്യതകൾ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അവ എങ്ങനെ പരിണമിച്ചേക്കാമെന്നോ മറ്റ് ഡ്രൈവർമാർ എങ്ങനെ പെരുമാറും എന്നോ മുൻകൂട്ടി കാണുക എന്നതാണ് അടുത്ത ഘട്ടം. 

4. തീരുമാനങ്ങൾ എടുക്കൽ( Decision Making):  പ്രവചനങ്ങളെ അടിസ്ഥാനമാക്കി, അപകടസാധ്യതകളോട് പ്രതികരിക്കുന്നതിന് പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.  വേഗത കുറയ്ക്കാനോ നിർത്താനോ പാതകൾ മാറ്റാനോ റോഡിലുള്ള നമ്മുടെ പൊസിഷൻ മാറ്റലോ എല്ലാം ഇതിൽ ഉൾപ്പെടാം.  ഏതാണ് മികച്ച നടപടിയെന്ന് തീരുമാനിക്കണം അത് അപകടസാധ്യതകൾ ഒഴിവാക്കുന്നതിനോ കുറയ്ക്കുന്നതിനോ ആയിട്ടുള്ള  നടപടികൾ കൈക്കൊള്ളുക എന്ന ലക്ഷ്യം വച്ചാകണം.

5. നടപ്പിലാക്കൽ (Action): എടുത്ത തീരുമാനം നടപ്പിലാക്കുക എന്നതാണ് അടുത്ത ഘട്ടം, ബ്രേക്കിംഗ്, വേഗം കൂട്ടൽ ഗതിമാറിൽ അല്ലെങ്കിൽ സിഗ്നലുകൾ നൽകൽ എന്നിവ ഇതിൽ ഉൾപ്പെടും , സുരക്ഷിതമായും കൃത്യമായും അവ നടപ്പിലാക്കുക.

6. വിലയിരുത്തൽ: ചെയ്ത പ്രവർത്തിയുടെ ഫലപ്രാപ്തി വിലയിരുത്തുക. തീരുമാനങ്ങളും പ്രവർത്തനങ്ങളും അപകടസാധ്യതകളെ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ടോ  എന്ന് വിലയിരുത്തുക.  വ്യത്യസ്‌തമായോ കൂടുതൽ കാര്യക്ഷമമായോ നിർവഹിക്കാൻ കഴിയുമായിരുന്നോ എന്ന് പരിശോധിക്കുക. 

7. തുടർച്ചയായ മെച്ചപ്പെടുത്തൽ( Continual monitoring):
 ഡിഫൻസീവ് ഡ്രൈവിംഗ് ഒരു തുടർച്ചയായ പ്രക്രിയയാണ്.  യാത്രയിലുടനീളം, ചുറ്റുപാടുകൾ നിരന്തരം നിരീക്ഷിച്ചു കൊണ്ടും, അപകടസാധ്യതകൾ വീണ്ടും വിലയിരുത്തുകയും ചെയ്യുക.  അവബോധം, തിരിച്ചറിയൽ, പ്രവചനം, തീരുമാനമെടുക്കൽ, പ്രവർത്തനം വിലയിരുത്തൽ എന്നീ ഘട്ടങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കണം. തെറ്റായ ശീലങ്ങളിലേക്ക് (heuristics) നമ്മുടെ ഡ്രൈവിംഗ് മാറുന്നത് ഒഴിവാക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.
 പ്രതിരോധ ഡ്രൈവിംഗിന്റെ ഘടകങ്ങൾ 
പ്രതിരോധ ഡ്രൈവിങ്ങിൽ ഏറ്റവും പ്രധാനം  കൃത്യമായ അറിവുകളും(cognizant), കാഴ്ചയും (Visual), കേൾവിയും ( Audial) ഇതിനാവശ്യമായ പ്രവർത്തി(Manual action) യുമാണ്. ഇവയിൽ പ്രധാന ഘടകങ്ങൾ താഴെപ്പറയുന്നവയാണ്.
• മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കൽ
• ഉചിതമായ വേഗത
• മറ്റ് റോഡ് ഉപയോക്താക്കളെ കുറിച്ചുള്ള ബോധം
• കണ്ണാടികളുടെ ഫലപ്രദമായ ഉപയോഗം.
• കൃത്യമായ സിഗ്നലുകളും ആശയവിനിമയവും 
• എപ്പോഴും അപ്രതീക്ഷിതമായത് പ്രതീക്ഷിക്കൽ
• നിതാന്ത ജാഗ്രത 
• ട്രാഫിക് നിയമങ്ങളുടെ അവബോധവും പാലിക്കുകയും ചെയ്യൽ.

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ്; നിലപാടിൽ അയവുവരുത്തി സിഐടിയു, 'നിബന്ധനകളോടെ പെര്‍മിറ്റ് നല്‍കാം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios