ഔറംഗസേബ്, പാനിപ്പത്ത്, ഗുണ്ടേയ് തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ  ബോളിവുഡ് യുവ നടനാണ് അർജുൻ കപൂർ. ഇപ്പോഴിതാ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് അർജുൻ കപൂർ എന്ന്  ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  110 എന്ന അഞ്ച് ഡോർ പതിപ്പിന്റെ പങ്കെയ ഗ്രീൻ എന്ന നിറമുള്ള ഡിഫൻഡർ ആണ് അർജുൻ കപൂർ സ്വന്തമാക്കിയത്. 

ഓഫ്‌റോഡിങ്ങിലെ കരുത്തനായി ഡിഫൻഡർ സ്വന്തമാക്കുന്ന ഒരുപക്ഷെ ബോളിവുഡിലെ ആദ്യ താരം ആവും അർജുൻ കപൂർ. ഒരു കോടിക്ക് അടുത്ത തുകയാണ് ഡിഫൻഡർ സ്വന്തമാക്കാൻ അർജുൻ കപൂർ ചെലവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡിഫൻഡർ നിലവിൽ 2.0-ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിനിൽ മാത്രമാണ് നിലവില്‍ ഇന്ത്യയിൽ എത്തിയിരുന്നത്. അടുത്തിടെയാണ് ഡിഫന്‍ഡര്‍ ഡീസല്‍ വേര്‍ഷന്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതില്‍ ഏത് മോഡലാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.  300 പിഎസ് പരമാവധി കരുത്തും 400 എൻഎം ടോർക്കും ആണ് പെട്രോള്‍ എൻജിൻ വികസിപ്പിക്കുന്നത്. എട്ട്-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ലാൻഡ് റോവർ ടെറൈൻ റെസ്പോൺസ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകൾക്കും പവർ കൈമാറും. 90-യ്ക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 8.0 സെക്കൻഡും 110-ന് 8.1 സെക്കൻഡും മതി.

എസ്ഇ, എച്ച്എസ്ഇ, എക്‌സ് ഡൈനാമിക് എച്ച്എസ്ഇ, എക്‌സ് എന്നീ നാല് വേരിയന്റുകളില്‍ ഡീസല്‍ വകഭേദം ലഭിക്കും. 94.36 ലക്ഷം രൂപ മുതലാണ് ഡീസല്‍ പതിപ്പിന്‍റെ ഇന്ത്യ എക്‌സ് ഷോറൂം വില. 90 (3 ഡോര്‍), 110 (5 ഡോര്‍) വകഭേദങ്ങളില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഡീസല്‍ വേര്‍ഷന്‍ ലഭിക്കും. 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 4,000 ആര്‍പിഎമ്മില്‍ 296 ബിഎച്ച്പി കരുത്തും 1,500 നും 2,500 നുമിടയില്‍ ആര്‍പിഎമ്മില്‍ 650 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും നല്‍കി.

പെട്രോള്‍ വേര്‍ഷന്‍ പോലെ ടെറെയ്ന്‍ റെസ്‌പോണ്‍സ് മാനേജ്‌മെന്റ് സിസ്റ്റം, എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ ലഭിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗം കൈവരിക്കാന്‍ ഡിഫെന്‍ഡര്‍ 90 വകഭേദത്തിന് 6.7 സെക്കന്‍ഡും ഡിഫെന്‍ഡര്‍ 110 വകഭേദത്തിന് 7 സെക്കന്‍ഡും മതി. 90, 110 എന്നീ രണ്ട് വേര്‍ഷനുകളുടെയും ടോപ് സ്പീഡ് മണിക്കൂറില്‍ 191 കിലോമീറ്ററാണ്.

അതേസമയം  മുമ്പ് 2017-ൽ തന്റെ 32-ാം ജന്മദിനവുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ സ്പോർട്സ് കാർ നിർമ്മാതാക്കളായ മസെരാട്ടിയുടെ ലെവാന്റെ എസ്‌യുവി അർജുൻ കപൂര്‍ വാങ്ങിയിരുന്നു. മുംബൈയിൽ 1.63 കോടി രൂപയായിരുന്നു വില. നടന്റെ പ്രത്യേക ആവശ്യപ്രകാരം ബ്ലൂ പാഷനെ മിക്ക നിറത്തിലുള്ള ആഡംബര എസ്‌യുവിയെ മസെരാട്ടി പ്രത്യേകം എത്തിച്ചു നൽകിയെന്നാണ് റിപ്പോർട്ട്. ഓഡി ക്യൂ5, ഹോണ്ട സിആർവി എന്നിവയാണ് അർജുൻ കപൂറിന്റെ ഗ്യാരേജിലെ മറ്റു വാഹനങ്ങൾ.