Asianet News MalayalamAsianet News Malayalam

സൗദി അറേബ്യക്കായി പുത്തന്‍ ബസുകളുമായി അശോക് ലെയ്‍ലന്‍ഡ്

രണ്ട് പുതിയ പാസഞ്ചര്‍ ബസ് മോഡലുകള്‍ സൗദി അറേബ്യയില്‍ അവതരിപ്പിച്ച് ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മ്മാതാക്കളായ അശോക് ലെയ്‍ലാന്‍ഡ്

Ashok Leyland launches two passenger bus models in Saudi Arabia
Author
Saudi Arabia, First Published Dec 20, 2020, 2:59 PM IST

രണ്ട് പുതിയ പാസഞ്ചര്‍ ബസ് മോഡലുകള്‍ സൗദി അറേബ്യയില്‍ അവതരിപ്പിച്ച് ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മ്മാതാക്കളായ അശോക് ലെയ്‍ലാന്‍ഡ്. 70 സീറ്റുകളുള്ള ഫാല്‍ക്കണ്‍ സൂപ്പര്‍, 26 സീറ്റര്‍ ഗാസല്‍ എന്നിവയാണ്  കമ്പനി പുറത്തിറക്കിയതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെര്‍ച്വലായി നടന്ന ചടങ്ങില്‍ രണ്ട് ബസുകളുടെയും ലോഞ്ച് സൗദി അറേബ്യയിലെ കമ്പനിയുടെ എക്സ്‌ക്ലൂസീവ് ഡീലറായ അല്‍ ഗുരൈര്‍ ഗ്രൂപ്പിന്റെ വെസ്റ്റേണ്‍ ഓട്ടോയുമായി സഹകരിച്ചാണ് നടത്തിയത്.

2007 -ല്‍ സ്ഥാപിതമായ റാസ് അല്‍ ഖൈമ പ്ലാന്റ് യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ബസുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. പ്ലാന്റില്‍ ഇതുവരെ 20,000 ബസുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ വലിയൊരു പങ്കും സൗദി അറേബ്യ ഉള്‍പ്പെടെ GCC രാജ്യങ്ങളിലെ റോഡുകളിലാണ് സഞ്ചരിക്കുന്നത്.

ഫാല്‍ക്കണ്‍ സൂപ്പര്‍, ഗാസ്ല്‍ എന്നിവ റാസ് അല്‍ ഖൈമയിലെ തങ്ങളുടെ അത്യാധുനിക ഉല്‍പാദന കേന്ദ്രത്തില്‍ നിന്നാണ് വരുന്നത് എന്ന് അശോക് ലെയ്ലാന്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നിതിന്‍ സേത്ത് പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (GCC) ട്രാന്‍സ്‌പോര്‍ട്ട്, മൊബിലിറ്റി വ്യവസ്ഥകളുടെ നിര്‍ദ്ദിഷ്ട പാരാമീറ്ററുകളിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സുഖപ്രദമായ യാത്രയ്ക്കായി അന്തര്‍നിര്‍മ്മിതമായ നൂതന സാങ്കേതികവിദ്യയും സുരക്ഷയും സംവിധാനങ്ങളും ഇവ നല്‍കുന്നു.

ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍, ഒമാന്‍, കുവൈറ്റ് എന്നിവ ഉള്‍പ്പെടുന്ന പ്രമുഖ പ്രാദേശിക സംഘടനയാണ് ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ (GCC). ലോകത്തിലെ ആദ്യത്തെ ഇന്‍ലൈന്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ പമ്പ് എഞ്ചിന്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഫാല്‍ക്കണ്‍ സൂപ്പര്‍, യൂറോ III, യൂറോ IV വിപണി മാനദണ്ഡങ്ങള്‍ (IEGR സാങ്കേതികവിദ്യ ഉപയോഗിച്ച്) അനുസരിക്കുന്നു. റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, ഫയര്‍ റിട്ടാര്‍ഡന്റ് ഇന്റീരിയറുകള്‍ തുടങ്ങി നിരവധി ഗുണങ്ങള്‍ ഈ രണ്ട് ഉല്‍പ്പന്നങ്ങളും പങ്കിടുന്നു.

നിലവില്‍ സൗദി അറേബ്യന്‍ നിരത്തുകളില്‍ അശോക് ലെയ്‍ലന്‍ഡിന്റെ  3,500  ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios