ദില്ലി: നമ്പര്‍ പ്ലേറ്റില്ലാത്ത കാറുമായി നിരത്തിലിറങ്ങിയ ബി.ജെ.പി എം.എല്‍.എയുടെ മകനെ തടഞ്ഞ പൊലീസ് ഓഫീസര്‍ക്ക് മര്‍ദനം. ഉത്തര്‍പ്രേദശിലെ ഝാന്‍സിയിലാണ് സംഭവം. ഗരോതയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജവഹര്‍ രജ്പുതിന്റെ മകന്‍ രാഹുല്‍ രജ്പുതാണ് പൊലീസ് ഓഫീസറെ മര്‍ദിച്ചത്. 

കാറുമായി എത്തിയ രാഹുലിനെ ഗുര്‍സാരായി മേഖലയ്ക്കു സമീപത്തു വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ തടയുകയായിരുന്നു. നമ്പര്‍ പ്ലേറ്റില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു തടഞ്ഞത്. തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന്‍ പേപ്പറുകള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ എംഎല്‍എയുടെ മകനാണെന്നും തന്നെ തടയാന്‍ ധൈര്യമുണ്ടോ എന്നുമായിരുന്നു രാഹുലിന്റെ മറുപടി. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും പൊലീസ് ഓഫീസറെ രാഹുല്‍ മര്‍ദിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിനു ശേഷം എംഎല്‍എയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പക്ഷേ എം.എല്‍.എയും അണികളും പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് വിട്ടയച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

തുടര്‍ന്ന് രാഹുലിനെ പൊലീസ് മര്‍ദിച്ചെന്നും അപമാനിച്ചെന്നും പറഞ്ഞ് എംഎല്‍എ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങല്‍ പൊലീസിന്‍റെ കൈയ്യിലുണ്ടെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണത്തിന് ഝാന്‍സി എസ്.പി ഒ.പി സിങ് ഉത്തരവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.