Asianet News MalayalamAsianet News Malayalam

ഇത് മേഡ് ഇന്‍ ഇന്ത്യ, കിടിലന്‍ സ്‍കൂട്ടറുമായി ഇന്ത്യന്‍ കമ്പനി

വാഹനം വരും ആഴ്ചകളിൽ വിപണിയില്‍ അവതരിപ്പിച്ചേക്കും. 

Ather Energy To Launch Its E Scooter 450X
Author
Bengaluru, First Published Jan 10, 2020, 9:53 AM IST
  • Facebook
  • Twitter
  • Whatsapp

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതര്‍ എനര്‍ജി 450X എന്ന പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുന്നു. മെച്ചപ്പെട്ട പ്രകടനം, മികച്ച കണക്റ്റിവിറ്റി സവിശേഷതകൾ, കൂടാതെ കൂടുതൽ ഇന്റലിജന്റ് ഫംഗ്ഷണാലിറ്റികൾ എന്നിവയും പുതിയ ആതർ 450X വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലുടനീളം ലഭ്യമാവുന്ന ലിമിറ്റഡ് എഡിഷൻ മോഡലായിരിക്കും പുതിയ ആതർ 450X.

വാഹനം വരും ആഴ്ചകളിൽ വിപണിയില്‍ അവതരിപ്പിച്ചേക്കും. പുതിയ 450Xനായി കമ്പനി മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി. 450X -ന്റെ ഡെലിവറികൾ ലോഞ്ച് ചെയ്ത സമയം മുതൽ തന്നെ ആരംഭിക്കുമെന്നും ഏഥർ അറിയിച്ചിട്ടുണ്ട്. പുതിയ ലിമിറ്റഡ് എഡിഷൻ സ്കൂട്ടറിനെക്കുറിച്ച് കമ്പനി മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാഹനം അവതരിപ്പിക്കുമ്പോള്‍ മാത്രമേ പുറത്തുവിടുകയുള്ളൂ.

ആതർ എനർജിക്ക് നിലവിൽ 450 എന്ന മോഡൽ ഇലക്ട്രിക് സ്കൂട്ടർ ഉണ്ട്. 5.4 കിലോവാട്ട് കരുത്തും 20.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.4 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഈ വാഹനത്തിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

മണിക്കൂറിൽ 80 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 450 -ക്ക് പൂർണ്ണ ചാർജിൽ പരമാവധി 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും.കൂടുതൽ ശക്തമായ ഇലക്ട്രിക് മോട്ടോർ, ബാറ്ററി പായ്ക്ക് എന്നിവയുമായി ഏഥർ 450X എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയർന്ന ടോപ്പ് സ്പീഡും കൂടുതൽ മൈലേജും 450X നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ബാംഗ്ലൂരിലും ചെന്നൈയിലും ആതര്‍ 450 ലഭ്യമാണ്. സമീപ ഭാവിയിൽ മറ്റ് മെട്രോകളിലേക്കും വിൽപ്പന വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയുണ്ട്.

തമിഴ്‌നാട്ടിലെ ഹൊസൂരില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ആതര്‍ എനര്‍ജിയും തമിഴ്‌നാട് സര്‍ക്കാരും അടുത്തിടെ ഒപ്പുവെച്ചിരുന്നു. നാല് ലക്ഷം ചതുരശ്ര അടി വിസ്‍തീര്‍ണമുള്ളതായിരിക്കും ഈ പ്ലാന്റ്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ കൂടാതെ ആതറിന്റെ ലിഥിയം അയണ്‍ ബാറ്ററിയും ഇവിടെ നിര്‍മിക്കും. ലിഥിയം അയണ്‍ ബാറ്ററി ഉല്‍പ്പാദനത്തില്‍ ആതര്‍ എനര്‍ജി പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ആതര്‍ എനര്‍ജി.  നിലവില്‍ ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ മാത്രമാണ് ആതര്‍ എനര്‍ജി സാന്നിധ്യമറിയിച്ചിരിക്കുന്നത്. ബെംഗളൂരു പ്ലാന്റിൽ ഇനി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ മുപ്പത് നഗരങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തില്‍ വലിയ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്താന്‍ ആതര്‍ എനര്‍ജി തീരുമാനിച്ചതിന് ഇതൊക്കെക്കൊണ്ടാണ്.

പുതിയ പ്ലാന്റും നിക്ഷേപവും വരുന്നതോടെ ഹൊസൂര്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നാലായിരത്തിലധികം ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പുതിയ പ്ലാന്റിന് നിക്ഷേപം എത്രയെന്ന് ആതര്‍ എനര്‍ജി വെളിപ്പെടുത്തിയില്ല. എന്നാല്‍ ഹൊസൂര്‍ പ്ലാന്റില്‍ 600 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആതര്‍ 340, ആതര്‍ 450 ഇ സ്‌കൂട്ടറുകളാണ് കമ്പനി വിപിണിയിലെത്തിക്കുന്നത്. വിപണിയില്‍ ആവശ്യകത വളരെ കുറഞ്ഞത് കാരണം ആതറിന്‍റെ അടിസ്ഥാന മോഡലായ ആതര്‍ 340ന്റെ നിര്‍മ്മാണം കമ്പനി അടുത്തിടെ അവസാനിപ്പിച്ചിരുന്നു. 2018 ജൂണിലാണ് ആതര്‍ 340 വിപണിയിലെത്തുന്നത്.

പ്രീമിയം മോഡലായ ആതര്‍ 450 ഇ സ്‌കൂട്ടറിനോടാണ് വിപണിക്ക് പ്രിയമെന്നും 99 ശതമാനം പേരും ഈ മുന്തിയ വകഭേദം തേടിയെത്തുന്നവരാണെന്നുമാണ് കമ്പനി പറയുന്നത്. നിലവില്‍ ആതര്‍ 450 ഇലക്ട്രിക് സ്‌കൂട്ടര്‍ മാത്രമാണ് കമ്പനി വില്‍ക്കുന്നത്. ആതര്‍ 450 സ്‌കൂട്ടറിന് ചെന്നൈയില്‍ 1.22 ലക്ഷം രൂപയും ബെംഗളൂരുവില്‍ 1.14 ലക്ഷം രൂപയുമാണ് വില.

Follow Us:
Download App:
  • android
  • ios