സിറ്റൌട്ടിലേക്ക് ഇടിച്ചു കയറിയ ആഡംബര വാഹനം വീടിന്‍റെ പൂമുഖവാതിലുമായി സ്ഥലം വിട്ടു. സംഭവത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.   കാറോടിച്ചിരുന്ന കൌമാരക്കാനെ പൊലീസ് പിടികൂടി. ബ്രിട്ടനിലെ യോക് ഷെയറിലാണ് സംഭവം.

വെസ്റ്റ് യോർക്ക്ഷെയറിലെ ഡ്യൂബറിയില്‍ ഔഡി കാറുമായി ചുറ്റാനിറങ്ങിയ കൗമാരക്കാരനാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട് സമീപത്തെ വീടിന്‍റെ സിറ്റൌട്ടിലേക്ക് ഓടിക്കയറുകയായിരുന്നു ഔഡി. പിന്നാലെ വാതിലിനിടിച്ചു. ഇതോടെ വാതില്‍ തകര്‍ന്ന് കാറിന്റെ മുന്‍വശത്തെ വിൻഡ്‌ഷീൽഡിൽ കയറിനിന്നു. ഇതോടെ വിന്‍ഡ് ഷീല്‍ഡില്‍ കുടുങ്ങിയ ഈ വാതിലുമായി ഔഡി ഓട്ടം തുടര്‍ന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയയിരുന്നു ഡ്രൈവറുടെ ഈ സാഹസം. 

പിന്നീട് പൊലീസ് ഔഡിയെ പിടികൂടുകയായിരുന്നു. അപകടസമയത്ത് മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചെന്ന സംശയത്തിലാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്‍തത്.  തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു.  പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിയുടെ പേര് വെളിപ്പെടുത്താതെ സംഭവത്തിന്റെ ഫോട്ടോ സഹിതം പൊലീസ് തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍തു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തുന്നത്. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനായി റോഡുകളിൽ ഒന്നില്‍ക്കുറയാത്ത ഔഡികളുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓരോ മോശം ഡ്രൈവിംഗ് സംഭവത്തിനു പിന്നിലും ഒരു ഔഡിയാണെന്നും  ഔഡി നിങ്ങളുടെ വാതിൽ തുറക്കുന്നുണ്ടോ എന്നുമൊക്കെ ആളുകള്‍ ചോദിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.