Asianet News MalayalamAsianet News Malayalam

പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ വേണ്ടേ വേണ്ട, നിര്‍മ്മാണം നിര്‍ത്താന്‍ ഈ വണ്ടിക്കമ്പനിയും!

പരമ്പരാഗത ഇന്ധന വാഹനങ്ങളെ പൂര്‍ണമായും ഒഴിവാക്കാന്‍ ഒരുങ്ങി ഈ വണ്ടിക്കമ്പനിയും

Audi plans to stop production of petrol diesel cars
Author
Mumbai, First Published Jun 21, 2021, 1:31 PM IST

പരമ്പരാഗത ഇന്ധന വാഹനങ്ങളെ ഒഴിവാക്കി പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുകയാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി എന്ന് റിപ്പോര്‍ട്ട്. 2026-ഓടെ പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലേക്ക് ഔഡി മാറുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2026-ന് ശേഷം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലുള്ള പുതിയ മോഡലുകള്‍ ഔഡി അവതരിപ്പിക്കില്ലെന്നും ഒപ്പം ഹൈബ്രിഡ് വാഹനങ്ങളുടെ നിര്‍മ്മാണവും അവസാനിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

മലിനീകരണ നിയന്ത്രണ  മാനദണ്ഡമായ യൂറോ-7 എമിഷന്‍ മാനദണ്ഡത്തിലേക്ക് മാറുന്നതിന് അനുസൃതമായായിരിക്കും ഔഡി പൂര്‍ണമായും ഇലക്ട്രിക്കായി മാറുക. 2025-ലാണ് യൂറോ-7 പ്രാബല്യത്തില്‍ വരുന്നത്.  പൂര്‍ണമായും ഇലക്ട്രിക് കരുത്തിലേക്ക് മാറുന്നത് കാര്യം ഔഡി സിഇഒ മര്‍കസ് ഡ്യൂസ്മാന്‍ സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് ഔഡി ചുവടുവെച്ച് കഴിഞ്ഞു. ഇ-ട്രോണ്‍, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് നിലവില്‍ ഔഡി വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ക്യൂ4 ഇ-ട്രോണ്‍ ക്രോസ്ഓവര്‍, എ6 ഇ-ട്രോണ്‍ വാഹനങ്ങളും ഔഡിയില്‍ നിന്ന് എത്താനൊരുങ്ങുന്നവയാണ്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതിയുടെ ഭാഗമായി 2025-ഓടെ 20 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുമ്പ് ഔഡി പ്രഖ്യാപിച്ചിരുന്നു. 

ലോകത്തെ ഭൂരിഭാഗം വണ്ടിക്കമ്പനികളും ഇലക്ട്രിക്കിലേക്കുള്ള ചുവടുവയ്‍പിലാണ്. വോള്‍വോ, ലാന്‍ഡ് റോവര്‍ തുടങ്ങിയ ആഡംബര കമ്പനികളും ചുവടുമാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ഔഡിയുടെ നീക്കവും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios