ഇന്ത്യൻ വിപണിയിൽ സ്ഥിരസാന്നിദ്ധ്യമാകാൻ ഒരുങ്ങി ജർമ്മൻ ആഡംബര വാഹനനിര്‍മ്മാതാക്കളായ ഔഡി. പുതിയ Q8മായാണ് ഔഡി എത്തുന്നത്. സി , ഡി, വിഭാഗത്തിലുള്ള വാഹനങ്ങളെ ഇന്ത്യൻ നിരത്തിൽ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് Q8 അവതരിപ്പിക്കുന്നത്. അടുത്ത വർഷം ജനുവരി ആദ്യം തന്നെ വാഹനം ഇന്ത്യൻ നിരത്ത് ഭരിക്കും.

ബിഎസ്6 മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായ ഔഡിയുടെ രണ്ടാമത്തെ കാറായിരിക്കും Q8 എസ്‌യുവി. അടുത്തിടെ പുറത്തിറക്കിയ A6 പ്രീമിയം സെഡാനാണ് കമ്പനിയുടെ ആദ്യത്തെ ബിഎസ്-VI മോഡൽ. 

ആഡംബര കൂപ്പെകളിൽ നിന്നുള്ള ‘ഫോർ-ഡോർ' മനോഹാരിതയും വലിയ എസ്‌യുവികളുടെ പ്രായോഗികതയുമാണ് Q8-നെ വ്യത്യസ്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായ Q8 ൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോമാഗ്നെറ്റിക്ക് പാർക്കിംഗ് ബ്രേക്ക്, എന്നിവ സുരക്ഷയ്ക്ക് വേണ്ടിയുണ്ട്. ഔഡി Q8-ന് നിലവിൽ 68,200 യുഎസ് ഡോളറാണ് വില. അതായത് ഏകദേശം 48.66 ലക്ഷം രൂപ. എന്നാൽ ഇന്ത്യൻ പതിപ്പ് എസ്‌യുവിയുടെ വിലയെക്കുറിച്ച് കമ്പനി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. 

Q8-ന് 90 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കുമെന്നാണ് സൂചനകൾ. ആഡംബര വിഭാഗത്തിലുള്ള വാഹനമായതിനാൽ ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാനുള്ള അവസരം കമ്പനി നൽകുന്നുണ്ട്.