Asianet News MalayalamAsianet News Malayalam

ഓട്ടോറിക്ഷകളെ ആംബുലന്‍സാക്കാന്‍ കേരളവും

ഒട്ടോറിക്ഷ തൊഴിലാളിസംഘടനകളുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും സഹായം തേടി മോട്ടോർവാഹന വകുപ്പ്

Auto ambulance with oxygen support in Kerala
Author
Trivandrum, First Published May 10, 2021, 12:56 PM IST

കൊവിഡ് രോഗബാധ വ്യാപകമാകുന്ന സഹചര്യത്തില്‍ രോഗികൾക്കായി ഓട്ടോറിക്ഷകളും ആംബുലൻസായി സജ്ജീകരിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. രോഗികൾക്ക് ഓക്സിജൻ നല്‍കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓട്ടോറിക്ഷകള്‍ വാർഡ് തലത്തില്‍ ഒരുക്കാനാണ് നീക്കം. ഇവ ഓടിക്കാൻ സന്നദ്ധരായ ഡ്രൈവർമാരെ കണ്ടെത്താൻ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഒട്ടോറിക്ഷ തൊഴിലാളിസംഘടനകളുടെയും സഹായത്തോടെ മോട്ടോർവാഹന വകുപ്പ് ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഈ ഓട്ടോ ഡ്രൈവർമാരുടെ സ്‍മാര്‍ട്ട് ഫോണുകൾ ജില്ലാതല കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കും. ഫോണിലെ  ജി പി എസ് സംവിധാനം ഉപയോഗിച്ച് ഇവർ എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ നിന്ന് കണ്ടെത്താം.  കിടപ്പുരോഗികൾ അല്ലാത്തവരെ ഓട്ടോറിക്ഷകളിൽ ആശുപത്രികളിലേക്കു മാറ്റും.  എറണാകുളത്താണ് പദ്ധതി ആദ്യം നടപ്പാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആംബുലൻസുകളുടെ ദൗർലഭ്യം ഇതിലൂടെ പരിഹരിക്കാനാവു എന്നാണ് അധികൃതര്‍ കരുതുന്നത്. 

അതേസമയം രോഗികളെ സഹായിക്കുന്നതിനായി ദില്ലിയിൽ  ഓട്ടോ ആംബുലൻസുകൾ സേവനം നടത്തിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരിയ രോഗലക്ഷണങ്ങളുള്ള രോഗികൾക്ക് ആശുപത്രിയിലെത്താൻ ഈ ഓട്ടോ ആംബുലൻസുകളുടെ സഹായം തേടാവുന്നതാണ്. ആംബുലൻസായി രൂപമാറ്റംവരുത്തിയ 10 മുച്ചക്ര വാഹനങ്ങളാണ് നിലവിൽ ദില്ലിയിൽ സർവീസ് നടത്തുന്നത്. ആംബുലൻസാക്കി മാറ്റിയ ഈ ഓട്ടോറിക്ഷകളിൽ ഓക്സിജൻ സിലിണ്ടറുകളും സാനിറ്റൈസറുകളും ലഭ്യമാണ്. കൃത്യമായ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ഡ്രൈവർമാർക്ക് പി പി ഇ കിറ്റുകളും നൽകിയിട്ടുണ്ട്. നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരും രക്തത്തിലെ ഓക്സിജൻ പൂരിതനില 85 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ ഉള്ളവരുമായ രോഗികളെ അടുത്തുള്ള ആശുപത്രികളിലെത്തിക്കുക എന്നതാണ് ഈ പ്രത്യേകതരം സർവീസിലൂടെ ലക്ഷ്യമിടുന്നത്. സമാനമായ 20 ഓട്ടോ ആംബുലൻസുകൾ കൂടി രാജ്യ തലസ്ഥാനത്തിന്റെ നിരത്തിലിറക്കാൻ ബന്ധപ്പെട്ട അധികൃതർ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

നേരത്തെ മുംബൈ നഗരത്തിൽ കോവിഡ് രോഗികളെ സഹായിക്കാനായി സ്വന്തമായി ഓട്ടോ ആംബുലൻസ് ഒരുക്കിയ അധ്യാപകനും വാർത്തകളില്‍ ഇടംപിടിച്ചരുന്നു. നഗരത്തില്‍ ആംബുലൻസുകളുടെ അഭാവം നേരിടുന്ന സാഹചര്യത്തിലാണ് ദത്താത്രയസാവന്ത് എന്ന അധ്യാപകൻ ഓട്ടോ ആംബുലൻസുമായി രംഗത്തെത്തിയത്. പി പി ഇ കിറ്റ്ധരിച്ചുംമറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുമാണ് സാവന്ത് കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. ഘട്ട്കോപ്പർ സ്വദേശിയായ സാവന്ത് ജ്ഞാനേശ്വർ വിദ്യാമന്ദിർ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ തന്റെ ജീവനോപാധിയായ ഓട്ടോ ആംബുലൻസാക്കി മാറ്റിയ ജാവേദ് എന്ന യുവാവും ശ്രദ്ധേയനായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios