Asianet News Malayalam

അടുത്ത നിമിഷം ആ ഓട്ടോഡ്രൈവര്‍ തിരിച്ചറിഞ്ഞു പിന്നിലിരിക്കുന്നത് കൊലപാതകി, പിന്നെ നടന്നത്..

പറയുന്നത് മൂളിക്കേട്ടാൽ മതിയെന്നും തിരിച്ചൊന്നും പറയേണ്ടെന്നും ആദ്യമേ പറഞ്ഞ ശേഷമായിരുന്നു ജൌഹറിന്‍റെ സുഹൃത്ത് കൂടിയായ സമീർ കാര്യംപറയുന്നത്. അപ്പോഴേക്കും കുന്നപ്പള്ളിയെന്ന സ്ഥലത്ത് എത്തിയിരുന്നു ഓട്ടോ

Auto drivers tricks help police for Elamkulam murder arrest
Author
Perinthalmanna, First Published Jun 18, 2021, 10:48 AM IST
  • Facebook
  • Twitter
  • Whatsapp

മലപ്പുറം: മലപ്പുറം ഏലംകുളം കൊലപാതകത്തിൽ പ്രതി വിനീഷിനെ കുടുക്കിയത് ഓട്ടോറിക്ഷാ ഡ്രൈവറുടെ മനസാനിധ്യവും തന്ത്രവും. കൊടുംക്രൂരതയ്ക്ക് ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവറായ ജൌഹറാണ് സാഹസീകമായി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

ആ സംഭവം ഇങ്ങനെ. ദൃശ്യയെ കൊന്ന ശേഷം വിനീഷ് വ്യാഴാഴ്ച രാവിലെ എട്ടേകാലോടെ പാലത്തോൾ തെക്കുംപുറത്തുള്ള ജൗഹറിന്‍റെ വീടിനു മുന്നില്‍ എത്തി. മഴക്കാലമായതിനാൽ രാവിലെ ഓട്ടോ സ്റ്റാർട്ടു ചെയ്‍ത് പരിശോധിക്കുകയായിരുന്നു ഈ സമയം ജൗഹർ. ദേഹാസകലം ചെളിപുരണ്ട നിലയിലായിരുന്നു വിനീഷ്. ഏലംകുളത്തുവെച്ച് ബൈക്ക് ആക്സിഡൻറായെന്നും പെട്ടെന്ന് പെരിന്തൽമണ്ണയില്‍ എത്തിക്കാമോയെന്നും ഇയാള്‍ ജൗഹറിനോട് ചോദിച്ചു. താൻ അമിതവേഗതയിലായിരുന്നുവെന്നും അപകടത്തിൽ കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കേറ്റെന്നും നാട്ടുകാരെ ഭയന്ന് ഓടി വരുന്നതാണെന്നു കൂടി പറഞ്ഞു വിനീഷ്. പാടത്തും പറന്പിലുമൊക്കെ വീണതിനാലാണ് ദേഹത്ത് ചെളി പറ്റിയതെന്നും പൊലീസ് സ്റ്റേഷന് മുന്നിൽ തന്നെ വിട്ടാൽ മതിയെന്നും അവിടെയെത്തിയാൽപ്പിന്നെ നാട്ടുകാർക്ക് തന്നെ ഉപദ്രവിക്കാനാകില്ലെന്നും വിനീഷ് പറഞ്ഞതോടെ ജൗഹര്‍ വണ്ടിയുമെടുത്ത് യാത്രയും തിരിച്ചു.

ഇവര്‍ ഇവിടെ നിന്ന് പുറപ്പെട്ട് മിനിറ്റുകള്‍ക്കകം വിനീഷിനെത്തേടി നാട്ടുകാർ ജൗഹറിന്‍റെ വീട്ടുപരിസരത്തെത്തി. ജൗഹറിന്റെ ‌ഓട്ടോയിലാണ് വിനീഷ് രക്ഷപ്പെട്ടതെന്ന് തിരിച്ച നാട്ടുകാര്‍ ജൗഹറിനെ ഫോണില്‍ വിളിച്ചു. പറയുന്നത് മൂളിക്കേട്ടാൽ മതിയെന്നും തിരിച്ചൊന്നും പറയേണ്ടെന്നും ആദ്യമേ പറഞ്ഞ ശേഷമായിരുന്നു ജൌഹറിന്‍റെ സുഹൃത്ത് കൂടിയായ സമീർ കാര്യംപറയുന്നത്. അപ്പോഴേക്കും കുന്നപ്പള്ളിയെന്ന സ്ഥലത്ത് എത്തിയിരുന്നു ഓട്ടോ. ഫോണിലൂടെയുള്ള വാര്‍ത്ത കേട്ട് ജൌഹര്‍ ഞെട്ടി. ഒരു കൊലപാതകിയാണ് പിന്നിലിരിക്കുന്നത്. എന്തുംചെയ്യാൻ മടി കാണില്ല. കൈയിൽ ആയുധവും ഉണ്ടായിരിക്കും. പക്ഷേ ആ ഭയത്തിനിടയിലും ജൌഹര്‍ മനസാനിധ്യം വീണ്ടെടുത്ത് ഒന്നും അറിയാത്ത പോലെ വണ്ടിയോടിച്ചു. 

പിന്നെയും രണ്ടരക്കിലോമീറ്റർ ദൂരമുണ്ടായിരരുന്നു പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക്. ആ ദൂരമത്രയും ഒന്നുമറിയാത്ത പോലെയായിരുന്നു വിനീഷിനോട് ജൗഹറിന്റെ സംസാരമത്രയും. പൊലീസ് സ്റ്റേഷന് മുന്നില്‍ എത്താറായപ്പോൾ ഇവിടെ ഇറക്കിയാൽ മതിയെന്നും നടന്നു പോയ്ക്കൊള്ളാമെന്നും വിനീഷ് പറഞ്ഞു. എന്നാല്‍ ജൌഹര്‍ വണ്ടി പെട്ടെന്ന് നിര്‍ത്തിയില്ല. നോക്കുമ്പോള്‍ സ്റ്റേഷനുമുന്നിൽ നാട്ടുകാരനും സുഹൃത്തുമായ സുബിന്‍ നില്‍ക്കുന്നു. ജൌഹര്‍ വേഗത കൂട്ടി ഓട്ടോ നേരെ സുബിന്റെ തൊട്ടുമുന്നിലെത്തിച്ച് ചേര്‍ത്ത് ചവിട്ടി നിർത്തി ചാടിയിറങ്ങി. ‘ഇവനെ വിടരുത്, പിടിക്കൂ’ എന്ന് സുബിനോട് വിളിച്ചുപറഞ്ഞു. സംഭവത്തിന്‍റെ ഗൌരവം പെട്ടെന്ന് തിരിച്ചറിഞ്ഞ സുബിന്‍ വിനീഷിനെ വട്ടംപിടിച്ചു. എന്നിട്ടും കുതറി രക്ഷപ്പെടാനായിരുന്നു വിനീഷിന്‍റെ ശ്രമം. പക്ഷേ വിടാതെ പിടിച്ച യുവാക്കള്‍ പൊലീസ് സ്റ്റേഷന്‍റെ അകം വരെ വിനീഷിനെ എത്തിച്ചു. പൊലീസുകാര്‍ സ്റ്റേഷന്‍റെ ഗ്രില്ലുകള്‍ അടച്ചതോടെ സിനിമാക്കഥയെ വെല്ലുന്ന ജൌഹറിന്‍റെ ഓട്ടോ യാത്രയ്ക്ക് അന്ത്യവുമായി. 

അതേസമയം വിനീഷിനെ  ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനൊപ്പം പെൺകുട്ടിയുടെ അച്ഛന്‍റെ കടയിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുക്കും. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. വിനീഷിനെ  കസ്റ്റഡിയിൽ കിട്ടാൻ പൊലീസ്  അപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു. കുത്തേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ദൃശ്യയുടെ സഹോദരി ദേവ ശ്രീ അപകടനില തരണം ചെയ്‍തു.

കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരിൽ വിനീഷ്, ദൃശ്യയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ സഹോദരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. കുട്ടികളുടെ അച്ഛന്‍റെ കട കത്തിച്ച് ശ്രദ്ധ മാറ്റിയ ശേഷമായിരുന്നു കൊലപാതകം.

അതേസമയം സംഭവത്തിൽ പൊലീസിനെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്‍റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ കുറ്റപ്പെടുത്തി. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, അവരെ താക്കീത് ചെയ്‍ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എംസി ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios