കൊവിഡ് രണ്ടാം തരംഗം. കടുത്ത ആശങ്കയില്‍ രാജ്യത്തെ വാഹന വിപണി

രാജ്യം വീണ്ടും കൊവിഡ് ഭീഷണിയിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വൈറസിന്‍റെ രണ്ടാംഘട്ട വ്യാപനത്തെത്തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിൽ കടുത്ത ആശങ്കയിലാണ് രാജ്യത്തെ വാഹന വിപണി എന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്സവ സീസണ്‍ അടുക്കുമ്പോള്‍ ഇനിയും ലോക്ക് ഡൌണുകൾ ഉണ്ടാകുന്നതിന്‍റെ ആശങ്ക ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്‍സ് അസോസിയേഷൻ ചൂണ്ടിക്കാണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാഹന ഡീലർമാരുടെ സംഘടനയാണ് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്‍സ് അസോസിയേഷൻ അഥവാ ഫാഡ.

കോവിഡ് മഹാമാരി മധ്യവർഗക്കാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചതായും ഏകദേശം 3.2 കോടി ഇന്ത്യക്കാർ മധ്യവർഗ വരുമാനമുള്ളവരുടെ പട്ടികയിൽ നിന്നും പുറത്തായിട്ടുണ്ടെന്നുമാണ് കണക്കുകള്‍ പറയുന്നത്. ഇത് ഇരുചക്ര വാഹന വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. 2020 മാർച്ചിനെ അപേക്ഷിച്ച് ഇരുചക്രവാഹന വിൽപനയിൽ 35.26% ഇടിവാണ് ഉണ്ടായത്. ടൂവീലർ, ത്രീവീലർ, വാണിജ്യ വാഹനം എന്നിവ കുറിച്ച കനത്ത നഷ്‌ടം മൂലം മാർച്ചിലെ മൊത്തം വാഹന വില്പന 28.64 ശതമാനം ഇടിഞ്ഞു. 18.46 ലക്ഷം യൂണിറ്റുകളിൽ നിന്ന് 35.26 ശതമാനം ഇടിവുമായി 11.95 ലക്ഷം ടൂവീലറുകളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്. ത്രീവീലർ വില്‍പ്പനയില്‍ 50.72 ശതമാനമാണ് ഇടിവ്. 2020 മാർച്ചിൽ വില്‍പ്പന 77,173 ത്രീവീലറുകള്‍ വിറ്റ സ്ഥാനത്ത് 38,034 ത്രീവീലറുകളാണ് 2021 മാർച്ചിലെ വില്‍പ്പന. 

വാണിജ്യ വാഹന വില്‍പ്പനയും ഇടിഞ്ഞു. 1.16 ലക്ഷം യൂണിറ്റുകളിൽ നിന്നു 67,372ലേക്കാണ് വാണിജ്യ വാഹന വില്‍പ്പന ഇടിവ്. 42.20 ശതമാനം നഷ്‌ടം. മാർച്ചിൽ എല്ലാ വിഭാഗം ശ്രേണികളിലുമായി ആകെ വിറ്റഴിഞ്ഞത് 16.49 ലക്ഷം വാഹനങ്ങളാണ്. 2020 മാർച്ചിലെ 23.11 ലക്ഷം യൂണിറ്റുകളേക്കാൾ 28.64 ശതമാനം കുറവ്. 

യാത്രാ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വിൽപനയിൽ മാത്രമാണ് വർധനയുണ്ടായത്. ഇരു വിഭാഗങ്ങളിലും‍ യഥാക്രമം 28.39%, 29.21% വർധനയുണ്ടായി. 2020 മാർച്ചിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 2.17 ലക്ഷം യൂണിറ്റുകളായിരുന്നു. എന്നാല്‍ 2021 മാര്‍ച്ചില്‍ ഇത് 2.79 ലക്ഷം യൂണായി ഉയര്‍ന്നു. ട്രാക്‌ടറുകളുടെ വില്‍പ്പന 53,463 യൂണിറ്റുകളിൽ നിന്ന് 69,082 യൂണിറ്റുകളായി ഉയര്‍ന്നു.

എന്നാല്‍ പ്രതീക്ഷിച്ചതിലും കുറവാണ് ഈ വില്‍പ്പന കണക്കുകളെന്നാണ് വാഹനലോകത്തെ വിദഗ്‍ദര്‍ നിരീക്ഷിക്കുന്നത്. പുതിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടറുകൾക്കും മറ്റു യന്ത്രഭാഗങ്ങൾക്കും ആഗോളതലത്തിൽ മഹാമാരിയെത്തുടർന്ന് ക്ഷാമമുണ്ടായി. ഇതുമൂലം വാഹനങ്ങളുടെ ഡെലിവറിക്ക് 7 മാസം വരെയൊക്കെ താമസം ഉണ്ടാകുന്നുണ്ട്. ഇക്കാരണത്താൽ മാത്രം വിൽപനയിൽ 20% കുറവുണ്ടായെന്നാണ് കണക്കുകള്‍. 

അതേസമയം ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാൻഡെന്ന സ്ഥാനം മാരുതി സുസുക്കി തുടരുകയാണ്. 46.26 ശതമാനമാണ് മാരുതിയുടെ വിപണി വിഹിതം. 16.34 ശതമാനവുമായി ഹ്യുണ്ടായി, 8.77 ശതമാനവുമായി ടാറ്റാ മോട്ടോഴ്‌സ്, 5.48 ശതമാനവുമായി മഹീന്ദ്ര, 5.45 ശതമാനവുമായി കിയ മോട്ടോഴ്‌സ് തുടങ്ങിയവരാണ് മറ്റ് സ്ഥാനങ്ങളില്‍.