ഹരിയാന: നിർത്താതെ ഹോണടിച്ചതിന്‍റെ പേരില്‍, രണ്ടുവർഷത്തിന് ശേഷം ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി പ്രതികാരം ചെയ്‍ത് യുവാക്കള്‍. ഹരിയാനയിലെ സോനിപതിനടുത്താണ് സംഭവം. സോനിപത്തിനടുത്ത ജിടി റോഡിൽ വെച്ചാണ് ജഗ്‌ബീർ എന്ന ഓട്ടോറിക്ഷാ ഡ്രൈവർക്ക് കുത്തേറ്റത്. 

ഓവർടേക്ക് ചെയ്‍തുവന്ന് ഓട്ടോറിക്ഷയ്ക്ക് കുറുകെ ബൈക്ക് നിർത്തിയ രണ്ടു യുവാക്കള്‍ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വയറിന് ഗുരുതരമായ പരിക്കേറ്റ ഡ്രൈവർ ഐസിയുവിലാണ്. അക്രമം നടത്തിയ ഉടന്‍ ഇവര്‍ കടന്നുകളഞ്ഞു. 

രണ്ടുവര്‍ഷം മുമ്പ് നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ കത്തിക്കുത്തിലേക്ക് നയിച്ചതെന്നതാണ് കൗതുകം. രണ്ടു വർഷം മുമ്പ്  ജഗ്ബീറും ബൈക്കിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ലളിത്, സുമൻ എന്നീ യുവാക്കളും തമ്മില്‍ ഒരു കയ്യാങ്കളി നടന്നിരുന്നു. ഹോൺ നിർത്താതെ അടിച്ചതിന്റെ പേരിലായിരുന്നു സംഘര്‍ഷം. അന്ന് ഈ യുവാക്കളും ജഗ്‌ബീറും മകൻ സുനിലും തമ്മിൽ വഴക്കും അടിപിടിയും നടന്നു. അതിന്റെ തുടർച്ചയായി നിരവധി തവണ കാണുന്നിടത്തെല്ലാം വച്ച് ഇരു പക്ഷവും ഇടയ്ക്കിടെ സംഘർഷത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു.

പൊലീസിൽ പലകുറി പരാതിപ്പെട്ടിട്ടും ഇടപെടാൻ വിസമ്മതിച്ചെന്നും കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു എന്നും ഓട്ടോ ഡ്രൈവർ ജഗ്‍ബീര്‍ ആരോപിക്കുന്നു. അന്നത്തെ ഹോണടിയെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ തന്നോടുണ്ടായ വിരോധമാണ് ഇന്ന് കുത്തിക്കൊല്ലാൻ നോക്കിയ സംഭവത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.