സ്‍ത്രീകള്‍ക്കിടയില്‍ ഓട്ടോമാറ്റിക് കാറുകള്‍ക്ക് പ്രിയമേറുന്നതായി കണക്കുകള്‍. ടിയാഗോ, ടിഗോര്‍ മോഡലുകളുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ കൂടാതെ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഏറ്റവുമൊടുവില്‍ ഹാരിയര്‍ എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റ് പുറത്തിറക്കിയിരുന്നു. മാന്വല്‍ കാറുകള്‍ വാങ്ങുന്നവരേക്കാള്‍ കൂടുതല്‍ ശതമാനം സ്ത്രീകള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് തെരഞ്ഞെടുക്കുന്നത്. 

ആകെ വില്‍പ്പനയില്‍ ഓട്ടോമാറ്റിക് കാറുകളുടെ വിഹിതം ഓരോ മാസവും വര്‍ധിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന ബിസിനസ് യൂണിറ്റ് വിപണന വിഭാഗം മേധാവി വിവേക് ശ്രീവത്സ പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ ആകെ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 25 മുതല്‍ 35 ശതമാനം വരെ ഓട്ടോമാറ്റിക് കാറുകളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകിയുടെ ഓട്ടോമാറ്റിക് കാര്‍ വില്‍പ്പനയില്‍ 20 ശതമാനത്തോളം വാങ്ങുന്നത് സ്ത്രീകളാണ്. മാരുതി സുസുകിയുടെ ആകെ വില്‍പ്പനയില്‍ പത്ത് ശതമാനത്തോളം ഓട്ടോമാറ്റിക് കാറുകള്‍ സംഭാവന ചെയ്യുന്നു. സെലെറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, സിയാസ്, വിറ്റാര ബ്രെസ മോഡലുകളുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ആകെ വില്‍പ്പനയില്‍ അമ്പത് ശതമാനത്തോളം വിറ്റുപോകുന്നത് ഓട്ടോമാറ്റിക് കാറുകളാണ്. ഓട്ടോമാറ്റിക് കാറുകളുടെ വില്‍പ്പന ഇനിയും വര്‍ധിക്കുമെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ വക്താവ് പറഞ്ഞു. 

ഡ്രൈവിംഗ് കുറേക്കൂടി എളുപ്പമാകും എന്നതിനാലാണ് പലരും ഓട്ടോമാറ്റിക്ക് കാറുകളിലേക്ക് തിരിയുന്നതിനു പിന്നില്‍. മെട്രോ നഗരങ്ങളിലെ ഗതാഗതകുരുക്കുകളും നിര്‍ത്തിനിര്‍ത്തി പോകേണ്ട (സ്‌റ്റോപ്പ് & ഗോ) ഡ്രൈവിംഗ് സാഹചര്യങ്ങളുമാണ് ഓട്ടോമാറ്റിക് കാറുകള്‍ വാങ്ങാന്‍ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിക്കുമ്പോള്‍ മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവം ലഭിക്കുന്നതിനാല്‍ ഇത്തരം കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.