അമ്മ കാറില്‍ മറന്നു വച്ച കുഞ്ഞിന് ദാരുണാന്ത്യം. യു എസിലെ കന്‍സാസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് പൂട്ടിക്കിടന്ന കാറിലെ കൊടും ചൂടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 

കുഞ്ഞുമായി പുറത്തുപോയി വന്ന അമ്മ തിരികെ വീട്ടിലെത്തിയ ശേഷം കുഞ്ഞിനെ പുറത്തിറക്കാന്‍ മറന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്‍റെ കാര്യം മറന്ന ഇവര്‍ ഇതിനിടെ ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഉറക്കം ഉണര്‍ന്നപ്പോഴാണത്രെ കുട്ടിയെ ഓര്‍ത്തത്. 

തുടര്‍ന്ന് ഇവര്‍ തന്നെ സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കാറില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പൂട്ടിയിട്ട വാഹനങ്ങളില്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ വര്‍ഷം മാത്രം ഇതുവരെ 11 കുട്ടികള്‍ക്കാണ് ഇത്തരം സംഭവങ്ങളില്‍ ജീവന്‍ നഷ്‍ടമായത്. 2018ല്‍ മാത്രം 52 കുട്ടികള്‍ ഇങ്ങനെ മരിച്ചിരുന്നു. 

കുട്ടികളെ കാറിൽ തനിച്ചിരുത്തി പുറത്ത് പോകല്ലേ
കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.

മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.