ബജാജിന്റെ പള്‍സര്‍ ശ്രേണിയിലെ കുഞ്ഞന്‍ പതിപ്പ് പള്‍സര്‍ 125 നെ വിപണിയില്‍ അവതരിപ്പിച്ചു. സ്പ്ലിറ്റ് സീറ്റിലും ഡ്രം ബ്രേക്ക് സംവിധാനത്തിലുമെത്തിയ ഈ ബൈക്കിന് 73,274 രൂപയാണ് ദില്ലി എക്‌സ്‌ഷോറും വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് 6 പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് ഡിസ്‌ക് ബ്രേക്ക് പതിപ്പിനെ മാത്രമായിരുന്നു അവതരിപ്പിച്ചത്. ഇതിന് 80,218 രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ഇതിനെക്കാള്‍ കുറഞ്ഞ വിലയിലാണ് പുതിയ വേരിയന്‍റ് എത്തുന്നത്.

സീറ്റിലെ മാറ്റത്തിനൊപ്പം ഡിസൈനിലും ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ബൈക്കും എത്തിയിട്ടുള്ളത്. ചുവന്ന നിറത്തില്‍ നല്‍കിയിട്ടുള്ള സ്പ്ലിറ്റ് ഗ്രാബ് റെയില്‍, റെഡ്, സില്‍വര്‍ നിറങ്ങളിലുള്ള ആക്‌സെന്റുകള്‍ എന്നിവയും ഡിസൈന്‍ ആകര്‍ഷകമാക്കുന്നു. മറ്റ് ഫീച്ചറുകള്‍ മുന്‍ മോഡലിലേതിന് സമാനമാണ്.

ബൈക്കിന് മെക്കാനിക്കലായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.  ബിഎസ്6 നിലവാരത്തിലുള്ള 124.4 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 11.8 ബിഎച്ച്പി പവറും 10.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

ഡ്രം ബ്രേക്ക് നല്‍കിയതിനൊപ്പം സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി കോംമ്പി ബ്രേക്കിങ്ങ് സംവിധാനവും ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്. ഹാലജന്‍ ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, മസ്‌കുലര്‍ ടാങ്ക്, എന്‍ജിന്‍ കൗള്‍ തുടങ്ങിയവ ഡിസൈന്‍ ഫീച്ചറുകളുമുണ്ട്.  മുന്‍വശത്ത് ടെലിസ്‌കോര്‍പ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍-സൈഡ് സ്പ്രീംഗ് ഫോര്‍ക്കുകളും ഉള്‍പ്പെടുന്നു.