Asianet News Malayalam

ഡൊമിനര്‍ 250ന്‍റെ വില വെട്ടിക്കുറച്ച് ബജാജ്!

ബജാജ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ വില കുത്തനെ കുറച്ചതായി റിപ്പോര്‍ട്ട്

Bajaj Auto slashes prices of Dominar 250
Author
Mumbai, First Published Jul 13, 2021, 11:10 PM IST
  • Facebook
  • Twitter
  • Whatsapp

ബജാജ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ വില കുത്തനെ കുറച്ചതായി റിപ്പോര്‍ട്ട്. 16,800 ഓളം രൂപയുടെ കുറവാണ് ബൈക്കിന്‍റെ വിലയില്‍ കമ്പനി വരുത്തിയതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ടൂറിംഗ് മോട്ടോര്‍സൈക്കിളിന്റെ വില കുറച്ചതിലൂടെ കൂടുതല്‍ വില്‍പ്പനയാണ് ബജാജ് ഓട്ടോ പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മികച്ച ഹാന്‍ഡിലിംഗ് സൗകര്യം, മസ്‌കുലര്‍ ലുക്ക്, ഒന്നാന്തരം കംഫര്‍ട്ട് എന്നിവ ലഭിച്ച ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിലേതുപോലെ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകള്‍, ഇരട്ട ബാരല്‍ എക്‌സോസ്റ്റ്, ദീര്‍ഘദൂര യാത്രകളില്‍ സാധനങ്ങള്‍ സുരക്ഷിതമായി വെയ്ക്കുന്നതിന് സീറ്റിന് താഴെയായി ബംഗീ സ്ട്രാപ്പുകള്‍ എന്നിവ നല്‍കി. സ്പോര്‍ട്സ് ടൂറര്‍ അനുഭവം നല്‍കുന്നതാണ് ബജാജ് ഡോമിനര്‍ 250.

സ്പോര്‍ട്സ് ടൂറിംഗ് ഉദ്ദേശ്യത്തോടെ നിര്‍മിച്ച ഒരു മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെ ടൂറിംഗ് സെഗ്‌മെന്റില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ബജാജ് ഓട്ടോയുടെ മോട്ടോര്‍സൈക്കിള്‍ ബിസിനസ് വിഭാഗം പ്രസിഡന്റ് സാരംഗ് കാനഡെ പറഞ്ഞു. സാധാരണ ഗതിയില്‍ വില വര്‍ധിക്കുമ്പോള്‍, സ്പോര്‍ട്‌സ് ടൂറിംഗ് കൂടുതല്‍ പ്രചാരം നേടുന്നതിനാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. 

2020 മാർച്ചിലാണ്‌ ഡോമിനാർ 250-യെ ബജാജ് ഓട്ടോ വിപണിയില്‍ അവതരിപ്പിക്കുന്നത്. കാഴ്ച്ചയിൽ ഡോമിനാർ 400 ഉം 250യും മോഡലും ഏറെക്കുറെ സമാനമാണ്. കാൻയൻ റെഡ്, വൈൻ ബ്ലാക്ക്, ഒറോറ ഗ്രീൻ നിറങ്ങളിലാണ് ബൈക്ക് എത്തുന്നത്.  

ബജാജ് ഓട്ടോയുടെ ഡൊമിനര്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ഡോമിനര്‍ 250. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപകരിക്കുന്ന സ്‌പോര്‍ട്ട് ടൂറിംഗ് മെഷീനാണ് ബജാജ് ഡൊമിനര്‍ 250.  കെടിഎം 250 ഡ്യൂക്ക് ഉപയോഗിക്കുന്ന 248.8 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ബജാജ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ബിഎസ് 6 പാലിക്കുന്ന ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 27 എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 23.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കെടിഎം മോട്ടോര്‍സൈക്കിളില്‍ 30 എച്ച്പി, 24 എന്‍എം എന്നിങ്ങനെയാണ് പുറപ്പെടുവിക്കുന്നത്. ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിലെ എന്‍ജിനുമായി സ്ലിപ്പര്‍ ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. മണിക്കൂറില്‍ 132 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 10.5 സെക്കന്‍ഡ് മതി.

പെരിമീറ്റര്‍ ഫ്രെയിമിലാണ് ബജാജ് ഡോമിനര്‍ 250 നിര്‍മിച്ചിരിക്കുന്നത്. ഡോമിനര്‍ 400, ഡോമിനര്‍ 250 ബൈക്കുകള്‍ തമ്മില്‍ കാഴ്ച്ചയില്‍ ഏതാണ്ട് സമാനമാണ്. ബോഡി പാനലുകള്‍ ഒന്നുതന്നെ. എല്‍ഇഡി ഹെഡ്‌ലൈറ്റിലും മാറ്റമില്ല. ഇന്ധന ടാങ്കിന് പുറത്ത് പുനര്‍രൂപകല്‍പ്പന ചെയ്ത രണ്ടാമതൊരു ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. സമയം, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് വിവരങ്ങള്‍ എന്നിവ ഈ ഡിസ്‌പ്ലേയില്‍ അറിയാന്‍ കഴിയും. വലിയ, ചെറിയ ഡോമിനര്‍ ബൈക്കുകള്‍ 17 ഇഞ്ച് ചക്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ മോട്ടോര്‍സൈക്കിളില്‍ വീതി കുറഞ്ഞ ടയറുകള്‍ നല്‍കിയിരിക്കുന്നു. മുന്നില്‍ 100/80 ടയറും പിന്നില്‍ 130/70 ടയറുമാണ് സേവനമനുഷ്ഠിക്കുന്നത്. വലിയ ഡോമിനറില്‍ ഇത് യഥാക്രമം 110/70, 150/60 റേഡിയല്‍ ടയറുകളാണ്. ഇരട്ട ബാരല്‍ എക്‌സോസ്റ്റ് മോട്ടോര്‍സൈക്കിളിന്റെ സ്‌പോര്‍ട്ടി സ്വഭാവം വര്‍ധിപ്പിക്കുന്നു.

37 എംഎം വണ്ണമുള്ള യുഎസ്ഡി ഫോര്‍ക്കുകളാണ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളില്‍ മുന്നിലെ സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. 135 എംഎം ട്രാവല്‍ ചെയ്യും. ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളില്‍ 43 എംഎം ഫോര്‍ക്കുകളാണ്. ബേബി ഡോമിനറിന്റെ പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് നല്‍കി. 110 എംഎം ട്രാവല്‍ ചെയ്യും. ബ്രേക്ക് ഡിസ്‌ക്കുകളുടെ വലുപ്പത്തിലും മാറ്റമുണ്ട്. ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ മുന്നില്‍ 300 എംഎം ഡിസ്‌ക്കാണ് ഉപയോഗിക്കുന്നത്. ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളില്‍ പ്രവര്‍ത്തിക്കുന്നത് 320 എംഎം ഡിസ്‌ക്. രണ്ട് ബൈക്കുകളുടെയും പിറകിലെ ഡിസ്‌ക് ഒരുപോലെ തന്നെ. 230 എംഎം. കുഞ്ഞന്‍ ഡോമിനറില്‍ ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios