ബജാജ് ഓട്ടോയുടെ ക്രൂയിസർ ബൈക്ക് അവഞ്ചർ ശ്രേണിയിലെ വലിയ മോഡൽ ആയ ക്രൂയിസ് 220-യുടെ വില കൂട്ടി. ബിഎസ്4 മോഡലിനേക്കാൾ Rs 11,584 രൂപ കൂടി Rs 1,16,672 രൂപയായിരുന്നു അവഞ്ചർ ക്രൂയിസ് 220-ന് കഴിഞ്ഞ മാസം അവതരണ വേളയിലെ വില. ഇപ്പോൾ Rs 2,500 രൂപ കൂടെ കൂടി Rs 1,19,174 ആണ് അവഞ്ചർ ക്രൂയിസ് 220-യുടെ എക്‌സ്-ഷോറൂം വില.

അവഞ്ചർ ക്രൂയിസ് 220-യുടെയും അവഞ്ചർ സ്ട്രീറ്റ് 160-യുടെയും കാർബുറേറ്റഡ് എൻജിൻ ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ബജാജ് ഓട്ടോ പുതുക്കിയത്. ഇതോടൊപ്പം പുത്തൻ മലിനീകരണ നീയന്ത്ര മാനദണ്ഡങ്ങൾ പാലിക്കാൻ കാറ്റലിറ്റിക് കൺവെർട്ടറും കൂട്ടിച്ചേർത്തിട്ടുണ്ട്.  220 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ്, ട്വിൻ-സ്പാർക്ക് എൻജിൻ 8,500 ആർപിഎമ്മിൽ 18.7 ബിഎച്ച്പി പവറും 7,000 ആർപിഎമ്മിൽ 17.5 എൻഎം പീക്ക് ടോർക്കുമാണ് നിർമിക്കുന്നത്. ബിഎസ്4 മോഡലിൽ 19 ബിഎച്ച്‍പി ആയിരുന്നു ഔട്പുട്ട്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് അവഞ്ചർ ക്രൂയിസ് 220-യുടെ എൻജിനും ബന്ധിപ്പിച്ചിരിക്കുന്നത്.

ഒബോൺ ബ്ലാക്ക്, മൂൺ വൈറ്റ് എന്നീ നിറങ്ങളിലാണ് അവഞ്ചർ ക്രൂയിസ് 220 വിപണിയിൽ എത്തുന്നത്. അതെ സമയം അവഞ്ചർ ശ്രേണിയിലെ മറ്റൊരു മോഡൽ ആയ അവഞ്ചർ സ്ട്രീറ്റ് 160-യുടെ വില വീണ്ടും കൂട്ടിയിട്ടില്ല. Rs 94,893 രൂപയാണ് ബിഎസ്6 അവഞ്ചർ സ്ട്രീറ്റ് 160-ന്റെ എക്‌സ്-ഷോറൂം വില. ബിഎസ്4 മോഡലിനേക്കാൾ Rs 11,642 രൂപ കൂടുതലാണ് ബിഎസ്6 അവഞ്ചർ സ്ട്രീറ്റ് 160-ന്.