ബജാജ് ഓട്ടോയുടെ അവഞ്ചര്‍ സ്ട്രീറ്റ് 220 -യുടെ വില്‍പ്പന അവസാനിപ്പിച്ചു. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ കമ്പനി പിന്‍വലിച്ചു. ഈ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് വാഹനത്തെ പിന്‍വലിക്കുന്നതെന്നാണ് റിപ്പോർട്ട്.

നിലവിൽ അവഞ്ചര്‍ സ്ട്രീറ്റ് ശ്രേണിയില്‍ ഇതിന്റെ ചെറിയ മോഡലായ അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 സിസി നിരയില്‍ വിപണിയില്‍ എത്തുന്ന അവഞ്ചര്‍ ക്രൂയിസ് 220 എന്നിവ വിപണിയിൽ തുടരും. ഇവ നവീകരിച്ച് ബജാജ് വിപണിയിലേക്കെത്തിച്ചിട്ടുണ്ട്.

ബിഎസ് 6 നിലവാരത്തിലുള്ള 220 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് DTS-i എഞ്ചിനാണ് പുതിയ അവഞ്ചര്‍ ക്രൂയിസ് 220 -യുടെ കരുത്ത്. 220 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,500 rpm -ല്‍ 18.7 bhp കരുത്തും 7,000 rpm -ല്‍ 17.5 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിലാണ് വാഹനം. മുന്നില്‍ 280 mm ഡിസ്‌ക്കും, പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.

സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ ഇരട്ട ആന്റി-ഫ്രിക്ഷന്‍ ബ്രഷുള്ള അതേ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന ഇരട്ട സ്പ്രിംഗ് സസ്‌പെന്‍ഷന്‍ യൂണിറ്റും ഉള്‍പ്പെടുന്നു.  1.16 ലക്ഷം രൂപയാണ് പുതിയ അവഞ്ചര്‍ ക്രൂയിസ് 220 -യുടെ എക്‌സ്‌ഷോറും വില.