Asianet News MalayalamAsianet News Malayalam

ചേതക് ബുക്കിംഗ് വീണ്ടും തുടങ്ങാന്‍ ബജാജ്

ആവശ്യക്കാർ ഏറിയതിനെത്തുടര്‍ന്ന് നിലവില്‍ ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഇപ്പോഴിതാ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങുമെന്ന് ബജാജ് ഓട്ടോ 

Bajaj Chetak Electric Scooter Bookings Reopen On April 13
Author
Mumbai, First Published Apr 11, 2021, 3:25 PM IST

മുംബൈ: ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്ട്രിക് കരുത്തില്‍ 14 വർഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്. ആവശ്യക്കാർ ഏറിയതിനെത്തുടര്‍ന്ന് നിലവില്‍ ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഇപ്പോഴിതാ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങുമെന്ന് ബജാജ് ഓട്ടോ അറിയിച്ചതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 13 മുതല്‍ പരിമിത കാലത്തേക്ക് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും ബുക്കിംഗ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങുമ്പോള്‍ വില വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 ഒക്ടോബര്‍ 17ന് ആയിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായിട്ടാണ് വാഹനം എത്തുന്നത്.

അർബൻ വേരിയന്റിന് ഒരു ലക്ഷം രൂപയും പ്രീമിയം വേരിയന്റിന് 1.15 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്‍കൂട്ടറിന് സ്പോർട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. പ്രകടനക്ഷമതയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇക്കോ മോഡിൽ സ്‍കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്‍സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‍കൂട്ടറും ചേതക് തന്നെയാണ്.

പേരില്‍ അല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. റെട്രോ ഡിസൈനിനു പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

പുണെയിലെ ചാകന്‍ പ്ലാന്റില്‍ 2019 സെപ്‍തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം ബജാജ് അരംഭിച്ചിരുന്നു. തുടക്കത്തില്‍ പുതിയ ചേതക്ക് കെടിഎം ഡീലര്‍ഷിപ്പിലൂടെയാണ് വിപണിയിലേക്കെത്തുക. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവം നല്‍കാനാണ് റഗുലര്‍ ബജാജ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയം നിലവാരത്തിലുള്ള കെടിഎം ഔട്ട്‌ലറ്റുകള്‍ വഴി ചേതക്കിനെ ബജാജ് എത്തിക്കുന്നത്. പുണെ, ബെംഗളൂരു നഗരങ്ങളില്‍ മാത്രമാണ് സ്‌കൂട്ടര്‍ ആദ്യഘട്ടത്തില്‍ വില്‍പ്പനയ്ക്ക് എത്തുക. തെരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയാകും സ്‌കൂട്ടറിന്‍റെ വില്‍പ്പന. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450എക്‌സ് എന്നിവയാണ് എതിരാളികള്‍.

Follow Us:
Download App:
  • android
  • ios