Asianet News MalayalamAsianet News Malayalam

'പാവങ്ങളുടെ ഹാര്‍ലി', സിടി 100ന്‍റെ കരുത്തുകൂട്ടി ബജാജ്!

സിടി 100നു പകരം 110 സിസി കരുത്തുള്ള പുതിയ പതിപ്പുമായി ബജാജ്

Bajaj CT 110 Quietly Launched In India
Author
Mumbai, First Published Jul 3, 2019, 12:51 PM IST

രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബാജാജിന്‍റെ എന്‍ട്രി ലവലിലെ ജനപ്രിയ മോഡലാണ് സിടി 100. മികച്ച മൈലേജും മോഹവിലയുമെല്ലാം കാരണമാവാം സാധാരണക്കാരന്‍റെ ബൈക്ക് എന്ന സ്വപ്‍നത്തെ എളുപ്പം സാക്ഷാത്കരിക്കുന്നു ഈ മോഡല്‍. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ബജാജിന് ഏറെ വില്‍പ്പനയുള്ള ഈ മോഡലിന്‍റെ 110 സിസി കരുത്തുള്ള പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

Bajaj CT 110 Quietly Launched In India

ബജാജ് പ്ലാറ്റിനയ്ക്ക് കരുത്തേകിയിരുന്ന 115 സിസി ഡിടിഎസ്-ഐ എന്‍ജിനാണ് ഈ ബൈക്കിന്‍റെയും ഹൃദയം.  8.6 ബിഎച്ച്പി കരുത്തും 9.81 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

എഞ്ചിനൊപ്പം മുന്‍ മോഡലിനെ അപേക്ഷിച്ച് കാഴ്‍ചിയിലും ചില മാറ്റങ്ങളുണ്ട് സിടി110ന്. ടാങ്ക് പാഡ്‌സ്, വലിയ സീറ്റ്, ഗ്രാഫിക്‌സ് ഡിസൈന്‍, ബ്ലാക്ക് ഫിനീഷ്‍ഡ് എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ്,  ടിന്റഡ് വൈസര്‍, ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവ മുന്‍ മോഡലില്‍ നിന്നും പുതിയ  വാഹനത്തെ വേറിട്ടതാക്കുന്നു. 

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‍പെന്‍ഷന്‍. കോംബി ബ്രേക്കിങ് സംവിധാനമാണ് സുരക്ഷ. കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നീ രണ്ട് പതിപ്പുകളായാണ് ഈ ബൈക്ക് എത്തുന്നത്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 37,997 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് വേരിയന്റിന് 44,352 രൂപയുമാണ് ദില്ലി എക്‌സ്‌ ഷോറൂം വില.

ബോക്സറിനു പിന്‍ഗാമിയായി 2001ലാണ് ആദ്യ സിടി 100 വിപണിയിലെത്തുന്നത്. പിന്നീട് 2006ല്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച ബൈക്കിനെ പുതിയ രൂപഭാവങ്ങളോടെ 2015 മുതലാണ് ബജാജ് വീണ്ടും വിപണിയിലെത്തിച്ചത്.

 

Follow Us:
Download App:
  • android
  • ios