ബജാജ് ഡൊമിനര്‍ 250 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.60 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. കാന്യണ്‍ റെഡ്, വൈന്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ സ്‌കീമുകളില്‍ ബജാജ് ഡോമിനര്‍ 250 ലഭിക്കും. രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ എത്തിത്തുടങ്ങിയതായി ബജാജ് ഓട്ടോ അറിയിച്ചു.

ബജാജ് ഓട്ടോയുടെ ഡൊമിനര്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ഡോമിനര്‍ 250. ഡൊമിനര്‍ 400 മോട്ടോര്‍സൈക്കിളിനേക്കാള്‍ 30,000 രൂപയോളം കുറവോടെയാണ് ഡോമിനര്‍ 250 വരുന്നത്.

ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപകരിക്കുന്ന സ്‌പോര്‍ട്ട് ടൂറിംഗ് മെഷീനാണ് ബജാജ് ഡൊമിനര്‍ 250.  കെടിഎം 250 ഡ്യൂക്ക് ഉപയോഗിക്കുന്ന 248.8 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ബജാജ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ബിഎസ് 6 പാലിക്കുന്ന ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 27 എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 23.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കെടിഎം മോട്ടോര്‍സൈക്കിളില്‍ 30 എച്ച്പി, 24 എന്‍എം എന്നിങ്ങനെയാണ് പുറപ്പെടുവിക്കുന്നത്. ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിലെ എന്‍ജിനുമായി സ്ലിപ്പര്‍ ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. മണിക്കൂറില്‍ 132 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 10.5 സെക്കന്‍ഡ് മതി.

പെരിമീറ്റര്‍ ഫ്രെയിമിലാണ് ബജാജ് ഡോമിനര്‍ 250 നിര്‍മിച്ചിരിക്കുന്നത്. ഡോമിനര്‍ 400, ഡോമിനര്‍ 250 ബൈക്കുകള്‍ തമ്മില്‍ കാഴ്ച്ചയില്‍ ഏതാണ്ട് സമാനമാണ്. ബോഡി പാനലുകള്‍ ഒന്നുതന്നെ. എല്‍ഇഡി ഹെഡ്‌ലൈറ്റിലും മാറ്റമില്ല. ഇന്ധന ടാങ്കിന് പുറത്ത് പുനര്‍രൂപകല്‍പ്പന ചെയ്ത രണ്ടാമതൊരു ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. സമയം, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് വിവരങ്ങള്‍ എന്നിവ ഈ ഡിസ്‌പ്ലേയില്‍ അറിയാന്‍ കഴിയും. വലിയ, ചെറിയ ഡോമിനര്‍ ബൈക്കുകള്‍ 17 ഇഞ്ച് ചക്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ മോട്ടോര്‍സൈക്കിളില്‍ വീതി കുറഞ്ഞ ടയറുകള്‍ നല്‍കിയിരിക്കുന്നു. മുന്നില്‍ 100/80 ടയറും പിന്നില്‍ 130/70 ടയറുമാണ് സേവനമനുഷ്ഠിക്കുന്നത്. വലിയ ഡോമിനറില്‍ ഇത് യഥാക്രമം 110/70, 150/60 റേഡിയല്‍ ടയറുകളാണ്. ഇരട്ട ബാരല്‍ എക്‌സോസ്റ്റ് മോട്ടോര്‍സൈക്കിളിന്റെ സ്‌പോര്‍ട്ടി സ്വഭാവം വര്‍ധിപ്പിക്കുന്നു.

37 എംഎം വണ്ണമുള്ള യുഎസ്ഡി ഫോര്‍ക്കുകളാണ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളില്‍ മുന്നിലെ സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. 135 എംഎം ട്രാവല്‍ ചെയ്യും. ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളില്‍ 43 എംഎം ഫോര്‍ക്കുകളാണ്. ബേബി ഡോമിനറിന്റെ പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് നല്‍കി. 110 എംഎം ട്രാവല്‍ ചെയ്യും. ബ്രേക്ക് ഡിസ്‌ക്കുകളുടെ വലുപ്പത്തിലും മാറ്റമുണ്ട്. ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ മുന്നില്‍ 300 എംഎം ഡിസ്‌ക്കാണ് ഉപയോഗിക്കുന്നത്. ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളില്‍ പ്രവര്‍ത്തിക്കുന്നത് 320 എംഎം ഡിസ്‌ക്. രണ്ട് ബൈക്കുകളുടെയും പിറകിലെ ഡിസ്‌ക് ഒരുപോലെ തന്നെ. 230 എംഎം. കുഞ്ഞന്‍ ഡോമിനറില്‍ ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. രണ്ട് ബൈക്കുകളുടെയും ഹാര്‍ഡ്‌വെയര്‍ വളരെ സമാനമാണ് എന്നതിനാല്‍ 180 കിലോഗ്രാമാണ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ ഭാരം. ഡോമിനര്‍ 400 ബൈക്കിനേക്കാള്‍ നാല് കിലോഗ്രാം മാത്രം കുറവ്. വിലയുടെ കാര്യത്തില്‍ ഹസ്‌ക്‌വാര്‍ണ സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 ബൈക്കുകളാണ് എതിരാളികള്‍.

മൂന്നുവര്‍ഷം മുമ്പ് 2016 ഡിസംബറിലാണ് ആദ്യ ഡൊമിനറിനെ ബജാജ് വിപണിയിലെത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ജനപ്രിയമായ ഡൊമിനറിന്‍റെ പുത്തന്‍ പതിപ്പിനെ 2019 ഏപ്രിലിലാണ് നെ ബജാജ് അവതരിപ്പിക്കുന്നത്. ബൈക്കിന്‍റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളോടെയുമാണ് പുതിയ ഡൊമിനര്‍ എത്തുന്നത്. ബൈക്കിന്‍റെ ആകെ വീതി 813 എംഎമ്മില്‍ നിന്ന്‌ 836 ആയി ഉയര്‍ന്നു.  വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം, ഉയരം എന്നിവയെല്ലാം പഴയപടി തുടരും. ബൈക്കിന്‍റെ ഭാരം നേരത്തെയുള്ളതിനെക്കാള്‍ 2.5 കിലോഗ്രാം കൂടും. 184.5 കിലോഗ്രാമാണ് ബൈക്കിന്‍റെ ആകെ ഭാരം.  ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈനും ഡൊമിനറിനെ സ്‌പോര്‍ട്ടിയാക്കു