വിപണിയില്‍ അവതരിപ്പിച്ച് കൃത്യം മൂന്ന് മാസം കഴിഞ്ഞപ്പോൾ പൾസർ NS 125ന്റെ വില ബജാജ് കൂട്ടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

ബജാജ് ഓട്ടോയുടെ പുതിയ മോട്ടോര്‍സൈക്കിള്‍ മോഡലായ പള്‍സര്‍ എന്‍എസ്125നെ ഈ വർഷം ഏപ്രിലിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. പൾസർ എൻഎസ്160, പൾസർ എൻഎസ്200 എന്നിവ ഉള്‍പ്പെടുന്ന ബജാജിന്റെ പൾസർ ശ്രേണിയിലെ നേക്കഡ് സ്പോർട്ട് (എൻഎസ്) ബൈക്കുകളിലെ ഇളമുറക്കാരനായിരുന്നു ഈ മോഡല്‍. വിപണിയില്‍ അവതരിപ്പിച്ച് കൃത്യം മൂന്ന് മാസം കഴിഞ്ഞപ്പോൾ പൾസർ NS 125ന്റെ വില ബജാജ് കൂട്ടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബൈക്കിന് 4,416 രൂപ കൂട്ടിയിരിക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 98,259 ആണ് പൾസർ NS 125യുടെ പുതിയ എക്‌സ്-ഷോറൂം വില. പൾസർ NS 125ന് ഇപ്പോൾ ബജാജ് പൾസർ 150 നിയോൺ എബിഎസ് പതിപ്പിനേക്കാൾ 1,037 രൂപ കൂടുതലാണെന്നാണ് റിപ്പോർട്ടുകള്‍.

എന്‍എസ് സീരീസില്‍ ബജാജ് അവതരിപ്പിക്കുന്ന ആദ്യ 125 സിസി മോട്ടോര്‍ സൈക്കിളാണ് പള്‍സര്‍ എന്‍എസ്125. എന്‍എസ്200, എന്‍എസ്160 മോഡലുകള്‍ക്ക് താഴെയായിരിക്കും ഈ എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളിന്‍റെ സ്ഥാനം. ബിഎസ് 6 പാലിക്കുന്ന 124.45 സിസി, ഡിടിഎസ് ഐ എന്‍ജിനാണ് ബജാജ് പള്‍സര്‍ എന്‍എസ് 125 മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 8,500 ആര്‍പിഎമ്മില്‍ 11.82 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്‍പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

പൾസർ NS 125-നും മറ്റുള്ള NS മോഡലുകൾക്ക് സമാനമായ രൂപകല്‍പ്പനയാണ് ഉള്ളത്. സ്പ്ലിറ്റ് ഗ്രാബ് റെയിൽ, മാസ്ക്കുലാർ ആയ പെട്രോൾ ടാങ്ക്, സ്പ്ലിറ്റ് സീറ്റ്, സ്‌പോർട്ടി ലുക്കുള്ള ഹെഡ്‍ലാംപ് എന്നിങ്ങനെ പൾസർ എൻഎസ് ബൈക്കുകളുടെ അടിസ്ഥാന ഫീച്ചറുകളെല്ലാം പൾസർ NS 125-യിലും ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ, പൾസർ NS 125-യിൽ ചേട്ടൻ മോഡലുകളിലെ വെള്ള നിറത്തിലുള്ള ഫ്രെയിം, അലോയ് വീലുകൾ എന്നിവ ഇല്ല. പൾസർ NS 160-യെക്കാൾ 7 കിലോഗ്രാം ഭാരം കുറവാണ് ഇതിന്. 144 കിലോഗ്രാം ആണ് പൾസർ NS 125-യുടെ ആകെ ഭാരം. മുന്നില്‍ 240 എംഎം വ്യാസമുള്ള ഡിസ്‌ക്കും പിന്നില്‍ 130 എംഎം ഡ്രമ്മുമാണ് ബ്രേക്കിംഗ്. ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിഗ്നേച്ചര്‍ വെര്‍ട്ടിക്കല്‍ എല്‍ഇഡി ടെയില്‍ സ്ട്രിപ്പുകള്‍ തുടങ്ങിയവയാണ് ബൈക്കിന്റെ മറ്റു സവിശേഷതകള്‍.

ബര്‍ട്ട് റെഡ്, സഫയര്‍ ബ്ലൂ, പ്യൂവര്‍ ഗ്രേ, ഫിയറി ഓറഞ്ച് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ പള്‍സര്‍ 125 ലഭ്യമാണ്. കെടിഎം 125 ഡ്യൂക്കിനെ മാറ്റിനിര്‍ത്തിയാല്‍ ഈ സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളാണ് എന്‍എസ് 125 എന്നാണ് ബജാജ് അവകാശപ്പെടുന്നത്.