Asianet News MalayalamAsianet News Malayalam

മാരുതി വേറെ ലെവലാണ്, ടാറ്റയെ മലര്‍ത്തിയടിച്ച് ബലേനോ!

 പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോ.

Baleno leads sales in premium hatchback segment in Q1 of FY2021
Author
mumbai, First Published Jul 22, 2020, 4:06 PM IST

2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ പ്രീമിയം ഹാച്ച് ബാക്ക് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോ. 5,887 യൂണിറ്റുകളുമായിട്ടാണ് ബലേനോയുടെ മുന്നേറ്റം. ബലേനോയ്ക്ക് 32 ശതമാനം വിപണി വിഹിതമാണ് ഈ ശ്രേണിയിൽ ഉള്ളത് എന്നതും ശ്രദ്ധേയമാണ്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ടാറ്റ അൾ‌ട്രോസാണ് രമ്ടാം സ്ഥാനത്ത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 4,483 യൂണിറ്റ് വിൽ‌പനയുമായിട്ടാണ് അള്‍ട്രോസ് രണ്ടാം സ്ഥാനത്ത് എത്തിയത്. 24 ശതമാനമാണ് അൾട്രോസിന്റെ വിപണി വിഹിതം.

ഇതേ കാലയളവിൽ ഹ്യുണ്ടായി 3,596 യൂണിറ്റ് എലൈറ്റ് i20 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. അതുവഴി ഈ വിഭാഗത്തിലെ മൂന്നാം സ്ഥാനം കൊറിയൻ വാഹനം സ്വന്തമാക്കി. 20 ശതമാനം വിപണി വിഹിതമുണ്ട് ഈ മോഡലിന് പ്രീമിയം ബാച്ച്ബാക്ക് വിഭാഗത്തിൽ.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.  2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്.  രാജ്യത്ത് ഓരോ മൂന്നു മിനിറ്റിലും ഒരു ബലേനൊ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍.  

വാഹനത്തിന്‍റെ പുതിയ പതിപ്പ് 2019 ജനുവരിയിലാണ് വിപണിയിലെത്തിയത്.  നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു. രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്.

83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.

ബലേനൊയിൽ മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. 5.63 ലക്ഷം മുതലാണ് ബലേനൊയുടെ വിവിധ വകഭേദങ്ങൾക്ക് ദില്ലി ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ അള്‍ട്രോസ്, ഹ്യുണ്ടായ് ഐ 20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios