നമ്മള്‍ സാധാരണയായി വാഴപ്പഴത്തിന്‍റെ തൊലി പൊളിക്കുന്നത് എങ്ങനെയാണ്? കൈ ഉപയോഗിച്ച് എന്നാവും ഉത്തരം. എന്നാല്‍ ഇവിടെ ഒരു ജെസിബി ഡ്രൈവര്‍ പഴത്തിന്‍റെ തൊലി നീക്കം ചെയ്യുന്നത് തന്‍റെ ജെസിബി ഉപയോഗിച്ചാണ്. 

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ടിക് ടോക്ക് വീഡിയോയിലാണ് പഴം തൊലി കളയുന്ന ജെസിബിയും ഡ്രൈവറും താരമായത്. എവിടെ നടന്നതാണ് സംഭവം എന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിരവധിപേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

ഡ്രൈവറെ പരിഹസിച്ചും പ്രശംസിച്ചും നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുന്നുമുണ്ട്. പഴം തൊലിക്കാന്‍ എന്തിനാണ് ഈ സാഹസമെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ ഈ ഡ്രൈവറുടെ കഴിവിനെ അംഗീകരിക്കണമെന്നാണ് ചിലര്‍ പറയുന്നത്. മികച്ച ഡ്രൈവര്‍ക്ക് മാത്രമേ ഇങ്ങനെ സൂഷ്‍മതയോടെ ജോലി ചെയ്യാന്‍ കഴിയൂ എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്തായാലും ജീവിതത്തില്‍ ആദ്യമായി വേറിട്ടൊരു ജോലി ചെയ്യാന്‍ പറ്റിയതിന്‍റെ സന്തോഷത്തിലാവും ആ പാവം ജെസിബിയെന്ന് ഉറപ്പ്.