ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400 അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഇപ്പോഴിതാ ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനും കൂടുതല്‍ ഡീലർഷിപ്പുകള്‍ തുറക്കാനും ബെനലി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമേരിക്കൻ വിപണിയിൽ പ്രചാരത്തിലുള്ള 302S ആയിരിക്കും അടുത്തതായി ബെനലി ഇന്ത്യൻ വിപണിയിൽ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീകരിച്ച 302S ആണ് ഇന്ത്യയില്‍ അവതരിപ്പിക്കുക.   300 സിസി പാരലൽ ഇരട്ട സിലിണ്ടർ ലിക്വിഡ്-കൂൾഡ് 4-വാൽവ് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 11,000 rpm-ൽ പരമാവധി 37.5 bhp കരുത്തും 9,000 rpm-ൽ 25.62 Nm ടോര്‍ഖും സൃഷ്‍ടിക്കും.

മുനിനല്‍ 41 mm ഇൻവേർട്ടഡ് ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ് സസ്പെൻഷൻ. അതേസമയം പ്രീ-ലോഡിനും റീബബൌണ്ട് ക്രമീകരണത്തിനുമായി റിയർ മോണോ ഷോക്ക് ട്യൂൺ ചെയ്യാം. 

മുൻവശത്ത് നാല് പിസ്റ്റൺ കോളിപ്പറുകളുള്ള 260 mm ഡ്യുവൽ ഡിസ്കുകളും പിന്നിൽ രണ്ട് പിസ്റ്റൺ കോളിപ്പറുള്ള 240 mm സിംഗിൾ ഡിസ്കുമാണ് ബ്രേക്കിംഗ്. യുഎസ് പതിപ്പിന്റെ മുന്നിൽ 120/70-ZR17, പിന്നിൽ 160/60-ZR17 പൈറെല്ലി സോഴ്‌സ്ഡ് എയ്ഞ്ചൽ എസ്ടി ടയറുകളാണ്. ഇന്ത്യൻ പതിപ്പിലും സമാനമാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2020-ന്റെ ആദ്യം പുതിയ മോഡല്‍ ഇന്ത്യയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.