ഈ മോഡല്‍ അവതരിപ്പിക്കപ്പെട്ട അന്നുമുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ബെനലി മോഡലുകളില്‍ ഒന്നാണ്. ഇപ്പോഴിതാ വാഹനത്തിന് വില കുറച്ചിരിക്കുകയാണ് കമ്പനി 

ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബെനെലിയുടെ മോഡേൺ ക്ലാസിക് വിഭാഗത്തിലെ എൻട്രി ലവൽ മോഡലാണ് ഇംപെരിയാലെ 400. ലളിതമായ രൂപകല്‍പ്പനയോടെ എത്തിയ ഈ മോഡല്‍ അവതരിപ്പിക്കപ്പെട്ട അന്നുമുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ബെനലി മോഡലുകളില്‍ ഒന്നാണ്. ഇപ്പോഴിതാ വാഹനത്തിന് വില കുറച്ചിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 10000 രൂപയോളം വിലക്കുറവില്‍ ഇപ്പോള്‍ വാഹനം സ്വന്തമാക്കാം എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതോടെ ബൈക്കിന്റെ ഇന്ത്യയിലെ ഷോറൂം വില 1.89 ലക്ഷം രൂപയായി. ബൈക്കിൽ പ്രാദേശികമായി നിർമിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഉയർന്നതും ഡോളറുമായുള്ള വിനിമയത്തിൽ രൂപ നില മെച്ചപ്പെടുത്തിയതുമൊക്കെയാണ് ഇളവിന് കാരണമെന്നാണു ബെനെലിയുടെ വിശദീകരണം. വീൽ, ടയർ, ബ്രേക്ക്, ഇലക്ട്രിക്കൽ തുടങ്ങിയ ഘടകങ്ങൾ പ്രാദേശികമായി സമാഹരിച്ചാണ് റിട്രോ ക്രൂസറായ ഇംപെരിയാലെ 400ന്‍റെ വില പിടിച്ചു നിർത്താൻ ബെനെലി നേരത്തെ ശ്രമിച്ചിരുന്നത്. വിലക്കുറവിനപ്പുറം ഇംപെരിയാലെയിൽ മറ്റു മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. 

2019 ഒക്ടോബര്‍ അവസാനവാരമാണ് ഈ വാഹനത്തെ ഇന്ത്യയില്‍ എത്തിക്കുന്നത്. ലോഞ്ച് ചെയ്ത് 10 ദിവസത്തിനുള്ളില്‍ 1,200-ല്‍ അധികം ബുക്കിംഗ് നേടിയാണ് ഇംപെരിയാലെ 400 വരവറിയിച്ചത്. ചുവപ്പ്, കറുപ്പ്, ക്രോം എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഇംപെരിയാലെ 400-വിപണിയിലുള്ളത്.

1950കളിൽ നിർമിച്ച ബെനെലി-മോട്ടോബി റേഞ്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇംപീരിയാലെയുടെ നിർമ്മാണം. ഡബിൾ ക്രാഡിൽ സ്റ്റീൽ ട്യൂബ് ഫ്രെയിമിലാണ് വാഹനത്തിന്റെ നിർമാണം. 2017ലെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു ഇംപീരിയാലെ 400 ബെനെലി ആദ്യമായി അവതരിപ്പിച്ചത്.

373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയലെയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 20.4 എച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. മുന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും സുരക്ഷ ഉറപ്പാക്കും. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍.

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമില്‍ പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം. ആകെ 200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. റൗണ്ട് ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തും. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവയൊക്കെ ഇംപീരിയാലെയുടെ പ്രത്യേകതയാണ്. ബോഡിയിലെ ക്രോം ഫിനിഷ്, എക്സ്ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും. 2020 ജൂലൈയിലാണ് ഇംപീരിയാലെയുടെ ബിഎസ്6 പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. 

കിലോമീറ്റർ പരിധിയില്ലാതെ, മൂന്നു വർഷത്തെ അൺലിമിറ്റഡ് വാറന്റിയും ഇംപീരിയാലെ 400നു കമ്പനി വാഗ്‍ദാനം ചെയ്യുന്നുണ്ട്. ഒപ്പം രണ്ടു വർഷക്കാലം സൗജന്യ സർവീസും ലഭ്യമാണ്. തുടർന്ന് ബൈക്കിന്റെ സർവീസിങ്ങിനും അറ്റകുറ്റപ്പണിക്കുമായി അധിക തുക നൽകി വാർഷിക പരിപാലന കരാറും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.