Asianet News MalayalamAsianet News Malayalam

TRK 502ന്‍റെ വില കൂട്ടി ബെനല്ലി ഇന്ത്യ

മുമ്പ് പറഞ്ഞതുപോലെ ഇപ്പോഴിതാ ബൈക്കിന്‍റെ വില കൂട്ടിയിരിക്കുകയാണ് കമ്പനി

Benelli TRK502 and TRK502X prices increased in India
Author
Mumbai, First Published Jun 27, 2021, 8:02 AM IST

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലി ഈ വര്‍ഷം ജനുവരിയിലാണ് ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ TRK 502 അഡ്വഞ്ചർ ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബിഎസ്4 ബെനെല്ലി TRK 502യെക്കാൾ 30,000 രൂപ കുറവിൽ ആയിരുന്നു ബിഎസ്6 പതിപ്പ് വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. മെറ്റാലിക് ഡാർക്ക് ഗ്രേ, പ്യൂർ വൈറ്റ്, ബെനെല്ലി റെഡ് എന്നിങ്ങനെ 3 നിറങ്ങളിൽ ലഭ്യമായ ബിഎസ്6 ബെനെല്ലി TRK 502-യ്ക്ക് 4.80 ലക്ഷം ആയിരുന്നു എക്‌സ്-ഷോറൂം വില. പ്യൂർ വൈറ്റ്, ബെനെല്ലി റെഡ് നിറങ്ങൾക്കാകട്ടെ 4.90 ലക്ഷവും.  

നിലവിലുള്ള വില ഇൻട്രൊഡക്ടറി വിലയാണെന്നും വൈകാതെ വില വർദ്ധിപ്പിക്കും എന്നും അവതരണ വേളയില്‍ തന്നെ ബെനെല്ലി ഇന്ത്യ വ്യക്തമാക്കിയിരുന്നു. അന്നുപറഞ്ഞതുപോലെ ഇപ്പോഴിതാ ബൈക്കിന്‍റെ വില കൂട്ടിയിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ എത്തി അഞ്ച് മാസങ്ങൾക്ക് ശേഷം ബിഎസ്6 TRK 502യുടെ വില 6000 രൂപയാണ് കമ്പനി കൂട്ടിയിരിക്കുന്നതെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മെറ്റാലിക് ഡാർക്ക് ഗ്രേ നിറത്തിന് 4.86 ലക്ഷവും, ബാക്കി രണ്ട് നിറങ്ങൾക്കും 4.96 ലക്ഷവുമായിരിക്കും ഇനിമുതല്‍ എക്‌സ്-ഷോറൂം വിലയായി നല്‍കേണ്ടി വരിക. കാവസാക്കി വേർസിസ് 650 (6.79 ലക്ഷം) സുസുക്കി വി-സ്‌ട്രോം 650 XT (8.84 ലക്ഷം) എന്നിവയാണ് ബിഎസ്6 ബെനെല്ലി TRK 502-യുടെ എതിരാളികൾ.

8,500 ആർപിഎമ്മിൽ 47.5 എച്ച്പി പവറും, 6,000 ആർപിഎമ്മിൽ 46 എൻഎം ടോർക്കുമേകുന്ന 499.6 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ആണ് ബെനെല്ലി TRK 502യുടെ ഹൃദയം. ബെനെല്ലിയുടെ ബിഎസ്6 ശ്രേണിയിലെ രണ്ടാമത്തെ ബൈക്ക് ആണ് പുത്തൻ TRK 502.

ബിഎസ്6 ബെനെല്ലി TRK 502-യുടെ ഒരു പ്രധാന ആകർഷണം പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ്.  ബിഎസ്4 പതിപ്പിലെ കറുപ്പ് നിറത്തിലുള്ള ഫ്രണ്ട് മഡ്‌ഗാർഡിന് ഇപ്പോൾ ബോഡി-കളർ ഫിനീഷാണ്. ഡിജി-അനലോഗ് യൂണിറ്റായി തന്നെ നൽകിയെങ്കിലും അനലോഗ് ടാക്കോമീറ്ററും ചെറിയ ഡിജിറ്റൽ ഡിസ്പ്ലേയ്ക്കും ബാക് ലൈറ്റ് ചേർത്തിട്ടുണ്ട്. പുതിയ സ്വിച്ച് ഗിയറുകൾക്കും ബാക് ലൈറ്റുകൾ നൽകുകയും അവ പ്രീമിയം ലുക്കിലുമാണ്. വലിപ്പം കൂടിയ മിറർ, വ്യത്യസ്‍തമായ ഡിസൈനിലുള്ള നക്കിൾ ഗാർഡ് എന്നിവയാണ് മറ്റുള്ള ഫീച്ചറുകൾ.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios