ലോകത്ത് ഏറ്റവും മോശം ഗതാഗതമുള്ള നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഒന്നാമതാണെന്ന് പഠനം. ടോംടോം ട്രാഫിക് ഇൻഡക്‌സിന്റെ റിപ്പോട്ട് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ട്രാഫിക് തിരക്കേറിയ ലോക നഗരങ്ങളുടെ പട്ടികയിലാണ് ബെംഗളൂരുവിന് ഒന്നാം സ്ഥാനം. ഏറ്റവും തിരക്കേറിയ 10 നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഉള്‍പ്പെടെ നാല് ഇന്ത്യന്‍ നഗരങ്ങള്‍ സ്ഥാനം നേടി. മുംബൈ നാലാം സ്ഥാനത്തും പൂനെ അഞ്ചാം സ്ഥാനത്തും ദില്ലി എട്ടാം സ്ഥാനത്തുമാണ്.

ഗതാഗതക്കുരുക്ക് കാരണം ബെംഗളൂരു നിവാസികള്‍ക്ക് എല്ലാ വര്‍ഷവും ശരാശരി 243 മണിക്കൂര്‍ (10 ദിവസവും 3 മണിക്കൂറും) നഷ്ടപ്പെടുന്നതായാണ് നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോംടോം നടത്തിയ സർവ്വേ ഫലം വ്യക്തമാക്കുന്നത്. 

ഒരു വർഷം ശരാശരി 243 മണിക്കൂർ ആണ് ബെംഗളൂരു നിവാസികൾ ട്രാഫിക്കിൽ ചിലവഴിക്കുന്നത്. അതായത് ഒരു വർഷം 10 ദിവസവും 3 മണിക്കൂറും ബെംഗളൂരുവിൽ യാത്ര ചെയ്യുന്നവർ ട്രാഫിക്കിൽ പെട്ട് കിടക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 20-നാണ് ബംഗളുരുവിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. 103 ശതമാനം. 2019ല്‍ ഏപ്രിൽ 6ന് ആയിരുന്നു ഏറ്റവും കുറവ് ഗതാഗതക്കുരുക്ക്. 30 ശതമാനം. വെള്ളിയാഴ്‍ചകളിൽ രാത്രി 8 മണിക്ക് ശേഷം ബെംഗളൂരുവിൽ യാത്ര ചെയ്യുന്നത് 5 മണിക്കൂറിലധികം സമയം ഒരു വർഷം ഗതാഗതക്കുരുക്കിൽ കിടക്കുന്നത് ഒഴിവാക്കും എന്നും ടോംടോം ട്രാഫിക് ഇൻഡക്‌സ് റിപ്പോട്ട് പറയുന്നു.

മുംബൈയിലെ റോഡുകളിടെ ഞെരുക്കം ശരാശരി 65 ശതമാനവും പൂനെയിലേത് 59 ശതമാനവുമാണെന്ന് ടോംടോം റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലെ 58 ശതമാനത്തില്‍ നിന്ന് 2019ല്‍ ഗതാഗതക്കുരുക്കില്‍ രണ്ട് ശതമാനം ഇടിവാണ് ദില്ലിയില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ദേശീയ തലസ്ഥാന മേഖലയിലെ റോഡുകളില്‍ അനുഭവപ്പെട്ട തിരക്ക് 56 ശതമാനമായിരുന്നു. മുംബൈയില്‍ വെള്ളിയാഴ്ചകളിലാണ് ഏറ്റവും മോശം തിരക്ക് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാത്രി 8 മണിക്ക് ശേഷം ഇവിടെ യാത്ര ചെയ്യുന്നത് ഒഴിവാക്കിയാല്‍ പ്രതിവര്‍ഷം 4 മണിക്കൂര്‍ വരെ ലാഭിക്കാമെന്നാണ് കണക്ക്.

ഫിലിപൈൻസ് തലസ്ഥാനമായ മനില (71%) ആണ് ടോംടോം ട്രാഫിക് ഇൻഡക്‌സിൽ രണ്ടാം സ്ഥാനത്ത്. കൊളംബിയയിലെ ബൊഗോട്ട (68%), മുംബൈ (65%), പൂനെ (59%) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ച് നഗരങ്ങളിൽ മൂന്നും ഇന്ത്യയിലാണ്. റഷ്യയിലെ മോസ്കോ (59%), പെറുവിന്റെ തലസ്ഥാനം ലിമ (57%), ന്യൂ ദില്ലി (56%), ടർക്കിയിലെ ഇസ്‍താംബുൾ (55%), ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്ത (53%) എന്നിവയാണ് ലോകത്തിലെ ഏറ്റവും ട്രാഫിക്കുള്ള നഗരം സ്ഥാനങ്ങളുടെ പട്ടികയിൽ ആറ് മുതൽ 10 വരെയുള്ള സ്ഥാനങ്ങളില്‍. 

6 ഭൂഖണ്ഡങ്ങളിലെ 57 രാജ്യങ്ങളിലായി 416 നഗരങ്ങളെ ടോംടോം ട്രാഫിക് സൂചിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 നും 2019 നും ഇടയില്‍ 239 നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചതായി കമ്പനി വ്യക്തമാക്കി. 63 നഗരങ്ങളില്‍ മാത്രമാണ് റോഡ് തിരക്ക് കുറയുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്.