വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുമായി ചേര്‍ത്ത് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള യാത്ര ഇത്തവണ മൂന്നാറില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു

മൂന്നാര്‍: ഒരു നൂറ്റാണ്ടു മുമ്പ് ഇന്ത്യന്‍ നിരത്തുകളെ ആവേശം കൊള്ളിച്ചിരുന്ന കാറുകള്‍ മൂന്നാറില്‍. പഴക്കമുള്ള കാറുകള്‍ സ്വന്തമാക്കിയ ഉടമകളുടെ കൂട്ടായ്മയുടെ നേതൃത്തിലാണ് പഴമയുടെ പെരുമയുമായി പതിനാറു കാറുകള്‍ മൂന്നാറിലെത്തിയിട്ടുള്ളത്. ട്രെയില്‍ ഓഫ് സൗത്ത് എന്ന പേരിലുള്ള പരിപാടിയുടെ ഭാഗമായിട്ടാണ് കാറുകള്‍ മൂന്നാറിലെത്തിയത്. മൂന്നാറിലെ പോതമേടിലുള്ള വിന്‍ഡര്‍മിയര്‍ റിസോര്‍ട്ടിലാണ് കാറുകള്‍ എത്തിയിട്ടുള്ളത്. 

വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുമായി ചേര്‍ത്ത് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള യാത്ര ഇത്തവണ മൂന്നാറില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നും എത്തിയ കാറുകള്‍ കോയമ്പത്തൂരില്‍ എത്തിച്ച ശേഷം അവിടെ നിന്നുമാണ് മൂന്നാറിലേക്ക് യാത്ര തിരിച്ചത്. മൂന്നാറില്‍ അധികമൊന്നും പരിചിതമല്ലാത്ത കാര്‍ നിര്‍മ്മാണ രംഗത്തെ അതികായരുടെ കാറുകളാണ് മൂന്നാറിലെ തേയിലക്കാടുകള്‍ക്കിടയിലൂടെ ഓടിയെത്തിയത്. 

ആഗോള കാര്‍ രംഗത്തെ വമ്പന്‍മാരായ ജര്‍മന്‍ കമ്പനിയായ ഫോക്സ്‌വാഗണ്‍, ബെന്‍സ്, ബ്രീട്ടീഷ് കമ്പനിയായ മോറിസ്, ഇറ്റാലിയന്‍ കമ്പനിയായ ഫിയറ്റ്, അമേരിക്കന്‍ കമ്പനിയായ ഷെവ്‌റോലെ എന്നീ കമ്പനികള്‍ നൂറു വര്‍ഷങ്ങള്‍ക്ക മുമ്പ് നിരത്തിലിറക്കിയ കാറുകളായിരുന്നു ഇതെല്ലാം. പിന്‍ഭാഗത്ത് എന്‍ജിന്‍ ഘടിപ്പിച്ചിട്ടുള്ള ഫോക്സ്‌വാഗണ്‍ കമ്പനിയുടെ വാനും ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിംഗ് വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇതിന്‍ വാനിന്റെ ഉള്‍വശത്ത് കിടക്കാനും ഭക്ഷണം കഴിക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ പരിപാടിയുടെ ഭാഗമായി സംഘടിപ്പിട്ടുള്ളതിനാല്‍ അപൂര്‍വ്വ കാറുകള്‍ കാണുവാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നഷ്ടമാവും.