ബിഗൗസ് A2 എന്ന ലോസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 52,499 രൂപ മുതല്‍ ആരംഭിക്കുന്ന ഇരുചക്ര വാഹനം രണ്ട് വേരിയന്റുകളില്‍ തെരഞ്ഞെടുക്കാം. 

ആധുനികവും ആകര്‍ഷകവുമായ രൂപകല്‍പ്പനയാണ് A2 ഇലക്ട്രിക് സ്‌കൂട്ടറിന് ബിഗൗസ് നല്‍കുന്നത്. ഫ്രണ്ട് ആപ്രോണില്‍ വളരെ താഴ്ന്ന നിലയില്‍ ഇടംപിടിച്ചിരിക്കുന്ന യൂണിക് ആകൃതിയിലുള്ള ഒരു ജോഡി എല്‍ഇഡി ഹെഡ് ലാമ്പുകളാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണം.

യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, 20 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, മാന്യമായി വലിപ്പമുള്ള ഫ്‌ലോര്‍ബോര്‍ഡ്, സ്‌റ്റൈലിഷ് റിയര്‍ ഗ്രാബ് ഹാന്‍ഡില്‍, റിവേഴ്‌സ് മോഡ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഹാന്‍ഡ്ബാറിനും ഹെഡ്ലാമ്പുകള്‍ക്കുമിടയിലുള്ള ഫ്രണ്ട് ആപ്രോണിന്റെ ഭാഗം ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഇലക്ട്രിക് വാഹനത്തിന് ക്ലീനര്‍ ലുക്ക് നല്‍കുന്നു. ഹെഡ്ലാമ്പുകള്‍ പോലെ എല്‍ഇഡി ടെയില്‍ ലാമ്പുകളും A2 ഇലക്ട്രിക് സ്‌കൂട്ടറിന്റെ സൈഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും വാഹനത്തെ വേറിട്ടതാക്കുന്നു.

സ്പീഡ്, ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, ബാറ്ററി ലെവല്‍ ഇന്‍ഡിക്കേറ്റര്‍, റൈഡിംഗ് മോഡ് എന്നിവപോലുള്ള നിരവധി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ബിഗൗസ് A2 ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് കഴിയും. ഇന്ത്യൻ ഇലക്ട്രിക്കൽ വ്യവസായ സ്ഥാപനമായ RR ഗ്ലോബലിന്റെ ഉപ ബ്രാൻഡാണ് ബിഗൌസ്.