കൊവിഡ്-19 പ്രതിസന്ധിക്കിടയിലും ബിഎസ് 6 ഹെവി ഡ്യൂട്ടി ട്രക്കിന്റെ 1,000-ാമത് യൂണിറ്റ് പുറത്തിറക്കി ഭാരത് ബെൻസ്. ചെന്നൈയിലെ പ്ലാന്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ഈ യൂണിറ്റ് പുറത്തിറക്കിയത്. ബിഎസ് 6 ട്രക്കുകളെ 2020 ജനുവരിയിൽ തന്നെ കമ്പനി വിപണിയിൽ എത്തിച്ചു തുടങ്ങിയിരുന്നു. കമ്പനി പുതുക്കിയ 4228R മോഡലിന്റെ 'സ്റ്റാർട്ട് ഓഫ് പ്രൊഡക്ഷൻ' (SoP) നും ഇതോടൊപ്പം ആഘോഷിച്ചു.

ബ്രാൻഡിൽ നിന്നും പ്രതിമാസം ഉയർന്ന വിൽപ്പന സ്വന്തമാക്കുന്ന മോഡൽ കൂടിയാണ് ഈ ഹെവി ഡ്യൂട്ടി ട്രക്കുകള്‍. നിലവിൽ ബിഎസ് 6 ഇന്ധനം ലഭിക്കുന്ന സ്ഥലങ്ങളിലാകും ആദ്യം വാഹനം എത്തിക്കുക എന്നാണ് വിവരം. പിന്നീട് ഘട്ടം ഘട്ടമായി വിൽപ്പന വർധിപ്പിക്കുമെന്ന് ഡെയിംലർ ഇന്ത്യ വാണിജ്യവാഹന വിഭാഗം എംഡിയും സിഇഒയുമായ സത്യകം ആര്യ പറഞ്ഞു. ബിഎസ് 6 വാഹനങ്ങൾ വാണിജ്യ വാഹന വിഭാഗത്തിൽ അവതരിപ്പിക്കുന്ന ആദ്യ കമ്പനി കൂടിയാണ് ഭാരത് ബെൻസ്.

ഉപഭോക്താക്കൾക്കായി സൗജന്യ വാറന്റി എക്സ്റ്റൻഷനുകൾക്കൊപ്പം, സൗജന്യ വാഹന പരിശോധനയും ശുചിത്വവും ഭാരത് ബെൻസ് വാഗ്ദാനം ചെയ്തു. മാത്രമല്ല, റിപ്പോർട്ട് അനുസരിച്ച് സുരക്ഷിതമായ താമസം, ഇന്ധനം, വെള്ളം,പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി ഒറ്റപ്പെട്ടുപോയ ഡ്രൈവർമാരെ സഹായിക്കുന്നതിനായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (HPCL) ധാരണയായി.

ഇന്ത്യയ്ക്കുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഭാരത് ബെന്‍സ് ട്രക്കുകളെന്നാണ് നിര്‍മ്മാതാക്കളായ ഡൈമ്‍ലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (ഡിഐസിവി) വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ഒരു ലക്ഷം യൂണിറ്റ് ട്രക്കുകള്‍ വിറ്റതായി ഡൈമ്‍ലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (ഡിഐസിവി) 2020 മെയ് മാസത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഡൈമ്‍ലറിന്റെ ഇന്ത്യയിലെ വാണിജ്യ വാഹന ഉപകമ്പനി 2012 ലാണ് ഭാരത് ബെന്‍സ് ട്രക്കുകള്‍ നിര്‍മിച്ചുതുടങ്ങിയത്. എട്ട് വര്‍ഷമെടുത്താണ് ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് താണ്ടിയത്. മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകള്‍ ഇതില്‍ ഉള്‍പ്പെടും.  

ട്രക്കുകള്‍ കൂടാതെ ഡിഐസിവി ഇന്ത്യയില്‍ ഇതുവരെ 4,500 ലധികം ഭാരത് ബെന്‍സ് ബസുകളും വില്‍പ്പന നടത്തി. 2015 ലാണ് ഭാരത് ബെന്‍സ് ബസുകള്‍ നിര്‍മിച്ചു തുടങ്ങിയത്. 

ഇന്ത്യയില്‍ നിന്നും ഉള്ള വാഹന കയറ്റുമതിയിലും ഈ വര്‍ഷം വലിയ നേട്ടം കൈവരിച്ചതായി കമ്പനി അറിയിച്ചു. 2012 മുതല്‍ ഇതുവരെയായി മുപ്പതിനായിരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഡൈമ്‍ലറിന് കയറ്റുമതി ചെയ്യാന്‍ സാധിച്ചു. ഭാരത് ബെന്‍സ്, മെഴ്‌സേഡസ് ബെന്‍സ്, ഫ്രേയ്റ്റ്‌ലൈനര്‍, ഫുസോ എന്നീ ബ്രാന്‍ഡുകളിലായി അമ്പതിലധികം വിപണികളിലേക്കാണ് ഇത്രയും വാഹനങ്ങള്‍ കയറ്റി അയച്ചത്. ഡൈമ്‍ലര്‍ ട്രക്ക്‌സിന്റെ മറ്റ് പ്ലാന്റുകളിലേക്ക് 2014 മുതല്‍ 130 ദശലക്ഷം പാര്‍ട്ടുകള്‍ കയറ്റുമതി ചെയ്‍തു എന്നാണ് കണക്കുകള്‍.